ചൈനക്കെതിരെ കടുത്ത തീരുമാനം, ഉൽപ്പന്നങ്ങൾക്ക് 125% വരെ തീരുവ; ഇന്ത്യയടക്കം 60 രാജ്യങ്ങൾക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകൾ ഇന്ന് പ്രാബല്യത്തിൽ

ഇന്ത്യയടക്കം 60 രാജ്യങ്ങൾക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയ്ക്കാണ് പുതിയ നിരക്ക് പ്രാബല്യത്തിലെത്തുക. ഇന്ത്യക്ക് 29 ശതമാനമാണ് പകര തീരുവ ചുമത്തിയിരിക്കുന്നത്. അതേസമയം ചൈനക്കെതിരെ കടുത്ത നടപടിയാണ് അമേരിക്ക സ്വീകരിച്ചത്.

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ചൈനീസ് ഉത്പ്ന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ചില ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം വരെ തീരുവ വർധിക്കും. യുഎസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ചൈനയ്ക്കുള്ള പകരച്ചുങ്കം 104 ശതമാനമാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണിത്.

മുന്‍പ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനവുമുള്‍പ്പെടെ 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം. ഇതിനൊപ്പം 50 ശതമാനംകൂടിയാണ് പുതിയതായി ചുമത്തിയിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. കാനഡ അമേരിക്കൻ വാഹനങ്ങൾക്ക് ചുമത്തുന്ന 25 ശതമാനം തീരുവയും ഇന്ന് തുടങ്ങും. അതേസമം തീരുവ ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കി. ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി ആദ്യ ചർച്ചകൾ നടക്കും.

Read more