ചേച്ചി സോറി, ഇനി കരയരുത്.. അടുത്ത സിനിമയില്‍ ഒന്നിച്ച് അഭിനയിക്കാം; സുലേഖയോട് ആസിഫ് അലി, വീഡിയോ

ആസിഫ് അലിയും അനശ്വര രാജനും ഒന്നിച്ച ‘രേഖാചിത്രം’ ഗംഭീര പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും നേടിക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയ ചിത്രം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 2.35 കോടി രൂപ നേടിക്കഴിഞ്ഞു. ഇതിനിടെ രേഖാചിത്രത്തില്‍ അഭിനയിച്ച സുലേഖ എന്ന നടിയെ ആശ്വസിപ്പിക്കുന്ന ആസിഫ് അലിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

ചിത്രത്തില്‍ സുലേഖ രണ്ട് ഷോട്ടുള്ള ഒരു സീനില്‍ ആയിരുന്നു അഭിനയിച്ചിരുന്നു. എന്നാല്‍ എഡിറ്റിംഗില്‍ ഈ ഭാഗം കട്ട് ചെയ്ത് കളഞ്ഞിരുന്നു. ഇതറിയാതെ തന്റെ ആദ്യ ചിത്രം കാണാന്‍ ബന്ധുക്കള്‍ക്കൊപ്പം സുലേഖ തിയേറ്ററിലെത്തി. തന്റെ സീനുകള്‍ സിനിമയില്‍ ഇല്ലെന്ന് അറിഞ്ഞ സുലേഖ കരഞ്ഞുകൊണ്ടാണ് തിയേറ്ററില്‍ നിന്നിറങ്ങിയത്.

ഇത് അറിഞ്ഞ ആസിഫ് അലി സുലേഖയെ കാണാനെത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നത്. ‘ആകെ വിഷമമായി സോറി’ എന്ന് പറഞ്ഞു കൊണ്ടാണ് നടന്‍ സുലേഖയ്ക്ക് അരികിലെത്തിയത്. മനപ്പൂര്‍വ്വം സീന്‍ ഒഴിവാക്കിയതല്ലെന്നും അടുത്ത സിനിമയില്‍ നമ്മള്‍ ഒരുമിച്ച് അഭിനയിക്കുമെന്നും ആസിഫ് അലി സുലേഖയോട് പറഞ്ഞു.

ആ സീനുകള്‍ എന്ത് രസമായാണ് ചേച്ചി ചെയ്തത്. ചില സിനിമകളില്‍ ദൈര്‍ഘ്യം പ്രശ്‌നമാകും. ചേച്ചി കരയുന്നത് അറിഞ്ഞ് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വിഷമമായി. ചേച്ചി ഇനി കരയരുത് എന്നും ആസിഫ് അലി പറഞ്ഞു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആവുകയാണ്. അതേസമയം, ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.