റീ റിലീസ് ട്രെൻഡ് ആണ് ഇപ്പോൾ ഇന്ത്യയിൽ. ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലെ മിക്ക സിനിമകളും വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററിൽ എത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഇന്ത്യൻ സിനിമാ വ്യവസായത്തിലെ തന്നെ ഒരു നാഴികക്കല്ലായ രാജമൗലി ചിത്രം ‘ബാഹുബലി ദി ബിഗിനിങ്’ ഒരിക്കൽ കൂടി തിരികെയെത്താൻ ഒരുങ്ങുകയാണ്. സിനിമയുടെ പത്താം വാർഷിക ദിനമായ ജൂലൈ 10ന് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുമെന്നാണ് റിപോർട്ടുകൾ. ആരാധകരുടെ നിരന്തര ആവശ്യപ്രകാരമാണ് വീണ്ടും റീ റിലീസിന് എത്തുന്നത്.
എസ്. എസ് രാജമൗലി സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ഇതിഹാസ സിനിമയാണ് ‘ബാഹുബലി : ദ ബിഗിനിങ്’. പ്രഭാസ്, റാണ ദഗ്ഗുബാട്ടി, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയിൽ സത്യരാജ്, നാസർ, രമ്യ കൃഷ്ണൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ആദ്യഭാഗത്തിൽ അതിഥിവേഷത്തിൽ കന്നഡ സൂപ്പർതാരം കിച്ച സുദീപുമുണ്ടായിരുന്നു.
തെലുഗു, തമിഴ് ഭാഷകളിലായി ചിത്രീകരിച്ച ബാഹുബലി മലയാളമുൾപ്പടെ ആറു ഭാഷകളിൽ മൊഴി മാറ്റി പ്രദർശിപ്പിച്ചിട്ടുണ്ട്. പത്ത് വർഷം പൂർത്തിയാക്കിയിട്ടും ചിത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ പുതുമയുള്ളതായി തുടരുന്നു എന്നതാണ് എടുത്തുപറയേണ്ട ഒരു കാര്യം. 180 കോടി രൂപ ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്. റിലീസ് ചെയ്ത സമയത്ത് ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായും ഇത് മാറി. മാത്രമല്ല, സിനിമയുടെ വിജയം രാജമൗലിയെ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന സംവിധായകരിൽ ഒരാൾ ആക്കുകയും പ്രഭാസ് ഇന്ത്യയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് സെൻസേഷനായി ഉയരുകയും ചെയ്തു.
സംവിധാനം, കഥ, വിഷ്വൽ ഇഫക്റ്റുകൾ, ഛായാഗ്രഹണം, പ്രമേയങ്ങൾ, ആക്ഷൻ സീക്വൻസുകൾ, സംഗീതം എന്നിവയ്ക്ക് ദേശീയ, അന്തർദേശീയ തലത്തിൽ വരെ പ്രശംസ നേടുകയും ബോക്സ് ഓഫീസ് വിജയത്തിൽ റെക്കോർഡ് നേട്ടവും നേടി. ആഗോളതലത്തിൽ 650 കോടിയിലധികം രൂപയാണ് ചിത്രം ബോക്സോഫീസിൽ നിന്ന് ചിത്രം നേടിയത്. എസ്. എസ് രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ് ബാഹുബലിയുടെ കഥ എഴുതിയത്.
രണ്ട് വർഷത്തിന് ശേഷം 2017ലാണ് ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയത്. ഏകദേശം 250 കോടി ബജറ്റിലാണ് ഈ ചിത്രം നിർമ്മിച്ചത്. മാത്രമല്ല, റിലീസ് ചെയ്ത സമയത്ത് ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രമായി ഇത് മാറുകയും ചെയ്തു. 2017ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു ബാഹുബലി 2. ലോകമെമ്പാടും 9,000-ത്തിലധികം സ്‌ക്രീനുകളിൽ പ്രദർശിപ്പിച്ച ചിത്രം, ഇന്ത്യയിൽ 6,500 സ്‌ക്രീനുകളിൽ പ്രദർശിപ്പിച്ച് ഒരു ഇന്ത്യൻ സിനിമയുടെ ഏറ്റവും കൂടുതൽ റിലീസ് എന്ന റെക്കോർഡും സൃഷ്ടിച്ചു. ഇന്ത്യൻ സിനിമയിൽ ഒരു വഴിത്തിരിവായിരുന്നു ബാഹുബലി ഫ്രാഞ്ചൈസി. ചിത്രത്തിൻറെ സംഗീത സംവിധായകൻ എം. എം കീരവാണിയാണ്. ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മും ഇന്നും പ്രേക്ഷകരുടെ മനസിൽ പതിഞ്ഞവയാണ്.
Read more
അതേസമയം, ബാഹുബലിയുടെ മൂന്നാം ഭാഗം വരുന്നുവെന്ന വാർത്തകൾ ഈ അടുത്ത് വന്നിരുന്നു. എന്നാൽ മൂന്നാംഭാഗം അണിയറയിൽ ഒരുങ്ങുന്നതായി നിർമ്മാതാവ് കെ.ഇ. ജ്ഞാനവേൽ സൂര്യചിത്രമായ കങ്കുവയുടെ പ്രമോഷൻ പരിപാടിക്കിടയിൽ വെളിപ്പെടുത്തിയിരുന്നു. ശക്തമായ തിരക്കഥയുണ്ടെങ്കിൽ ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാവുമെന്ന് എസ്എസ് രാജമൗലി മുൻപ് സൂചന നൽകിയിരുന്നു. വളരെ പെട്ടെന്നായിരുന്നു ഇന്ത്യയിൽ ബാഹുബലി ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ തന്നെ റെക്കോർഡുകൾ തകർത്തത്. അതുകൊണ്ട് തന്നെ റീ റിലീസും പ്രേക്ഷകർ ഏറ്റെടുക്കും എന്നുതന്നെയാണ് പ്രതീക്ഷ.