വേള്‍ഡ് ക്ലാസ് മൂവി, മറ്റൊരു ആടുജീവിതം അനുഭവിച്ചു തീർത്തു: ബെന്യാമിന്‍

‘ആടുജീവിതം’ ഓരോ മലയാളികളും കണ്ടിരിക്കേണ്ട വേള്‍ഡ് ക്ലാസ് മൂവിയാണെന്ന് ബെന്യാമിന്‍. ചിത്രത്തിന്റെ ആദ്യ ഷോ കണ്ടിറങ്ങിയപ്പോവാണ് ബെന്യാമിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാതിവഴിയില്‍ നിലച്ചു പോകുമോ, ഉപേക്ഷിക്കേണ്ടി വരുമോ എന്ന പേടിയുണ്ടായിരുന്നപ്പോള്‍ പോലും അതിനെയെല്ലാം അതിജീവിച്ചാണ് ബ്ലെസി സിനിമ ഒരുക്കിയതെന്നും ബെന്യാമിന്‍ പറഞ്ഞു.

”മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ചിത്രങ്ങളില്‍ ഒന്ന് എന്ന് നിശ്ചയമായിട്ടും പറയാവുന്ന ഒരു വേള്‍ഡ് ക്ലാസ് മൂവിയാണ് എന്റെയൊരു ചെറിയ കഥയെ ആസ്പദമാക്കി ലോകത്തിന് സമ്മാനിച്ചിരിക്കുന്നത്. വളരെയധികം സന്തോഷമുണ്ട്. തീര്‍ച്ചയായിട്ടും ഓരോ മലയാളിയും കണ്ടിരിക്കേണ്ട ചിത്രമെന്നാണ് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ പറയുന്നത്.”

”നിങ്ങള്‍ ഓരോരുത്തരും കാണുക. വിലയിരുത്തുക, അഭിപ്രായങ്ങള്‍ അറിയിക്കുക. എന്റെ ഭാഗ്യമാണ് ഇത് എന്നാണ് ഞാന്‍ കരുതുന്നത്. ഒരു സംവിധായകന്‍ ഇത്തരത്തില്‍ അലയാന്‍ മനസു കാണിക്കുന്നു. ഒരു നടന്‍ അതിനോട് ചേര്‍ന്ന് അദ്ദേഹത്തിന്റെ ശരീരം പരീക്ഷണത്തിന് വിട്ടുകൊടുക്കാന്‍ തയ്യാറാകുന്നു.”

”ഒരു എഴുത്തുകാരനെ സംബന്ധിച്ചിടുത്തോളം ഇതൊക്കെ വലിയ ഭാഗ്യമാണ്. ഞാനും ആ യാത്രയ്‌ക്കൊപ്പം അവരോടൊപ്പം ഉണ്ടായിരുന്നു. അതിന്റെ എല്ലാ പ്രോസസിലൂടെയും കടന്ന് പോകാന്‍ എനിക്കും സാധിച്ചു. ഞാന്‍ കഥ എഴുതി കൊടുത്തെന്ന് മാത്രമല്ല, എന്റെയും കൂടി സിനിമയെന്ന് അഭിമാനത്തോടുകൂടി പറയാവുന്ന ഒരു നിമിഷത്തിലാണ് എത്തി നില്‍ക്കുന്നത്.”

”ഒത്തിരി സ്ട്രഗിള്‍ അനുഭവിച്ച് മറ്റൊരു ആടുജീവിതം അനുഭവിച്ചാണ് അവര്‍ ഈ ചിത്രം നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ഓരോ ദിവസവും പ്രതിബന്ധങ്ങളിലൂടെയും പ്രിതിസന്ധികളിലൂടെയും കടന്നു പോയ ചിത്രമായിരുന്നു ആടുജീവിതം.”

”ചിത്രം പാതിവഴിയില്‍ നിലച്ചു പോകുമോ, ഉപേക്ഷിക്കേണ്ടി വരുമോ എന്ന പേടിയുണ്ടായിരുന്നപ്പോള്‍ പോലും അതിനെയെല്ലാം അതിജീവിച്ച്, സിനിമയാക്കണമെന്ന് ആഗ്രഹത്തോടു കൂടി മുന്നില്‍ നടന്ന ബ്ലെസി സാറിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണ് ഈ ചിത്രം” എന്നാണ് ബെന്യാമിന്‍ പറയുന്നത്.