എന്തിനാണ് ഇങ്ങനെ പുച്ഛിക്കുന്നത്? വിനീത് ശ്രീനിവാസനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല, തിയേറ്ററില്‍ നിന്നും ഇറങ്ങിപ്പോന്നു: അഭിഷേക് ജയ്ദീപ്

ക്വീര്‍-സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്ന് വിവാദത്തിലായ സിനിമയാണ് വിനീത് ശ്രീനിവാസന്റെ ‘ഒരു ജാതി ജാതകം’. സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ പരാതിയും എത്തിയിരുന്നു. സിനിമയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധ നേടിയ ഗേ മോഡല്‍ അഭിഷേക് ജയ്ദീപ് ഇപ്പോള്‍. വിനീത് ശ്രീനിവാസനില്‍ നിന്നും ഇത്തരമൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും തിയേറ്ററില്‍ നിന്നും ഇറങ്ങിപ്പോന്നു എന്നാണ് അഭിഷേക് പറയുന്നത്.

ഞാനും അമ്മയും കൂടിയാണ് സിനിമ കാണാന്‍ പോയത്. പകുതിക്ക് വെച്ച് ഇറങ്ങിപ്പോന്നു. ഞാന്‍ ഇനി തുടര്‍ന്ന് കാണാന്‍ ഇരിക്കുന്നില്ലെന്ന് പറഞ്ഞാണ് ഇറങ്ങിപ്പോന്നത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളുണ്ടല്ലോ, അത് പച്ചയ്ക്ക് പറഞ്ഞ് കൊണ്ടിരിക്കുകയാണ് ആ സിനിമ മുഴുവന്‍.

വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തെ ഗേ ആയിട്ടുള്ളവരെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന ആ പേര് ആവര്‍ത്തിച്ച് വിളിക്കുന്നുണ്ട് സിനിമയില്‍. വളരെ മോശം തീമായിരുന്നു ആ സിനിമയുടെത്. എന്റെ അമ്മയ്ക്ക് പോലും ആ സിനിമ കണ്ട് വിഷമമായി. കോമഡി എന്ന പേരില്‍ എന്ത് അരോചകവും അടിച്ച് വിടാന്‍ പറ്റുമോ?

അതും വിനീത് ശ്രീനിവാസനെ പോലൊരു നടനില്‍ നിന്ന് ഞങ്ങള്‍ ഇത് പ്രതീക്ഷിച്ചില്ല. എത്ര നല്ല സിനിമകള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ്. എല്ലാം പറഞ്ഞിട്ട് അവസാനം ഇതൊന്നും ഒന്നുമല്ലെന്ന രീതിയില്‍ ഒരു മെസേജ് കൊടുത്തു. നമ്മുടെ സമൂഹത്തില്‍ ഇത് കൊണ്ട് ഒരു കാര്യവുമില്ല. കാരണം അവസാനത്തെ മെസേജ് ഒന്നും അവര്‍ കാണില്ല.

അത്രയധികം നെഗറ്റീവ് അതുവരെ ആ സിനിമയില്‍ പറഞ്ഞിട്ടുണ്ട്. മെസേജ് കൊടുക്കണമെന്ന് കരുതിയായിരിക്കാം അവര്‍ ആ സിനിമ ചെയ്തത്. പക്ഷെ അതല്ല അവിടെ നടന്നത്. മഴവില്ലെന്ന് പുച്ഛിച്ചുകൊണ്ട് ഇടയ്ക്ക് പറയുന്നുണ്ട്. റെയിന്‍ബോ എന്നത് ഒരു പ്രൈഡാണ് ഫ്‌ളാഗ് ആണ്. അതിനെ അവര്‍ പുച്ഛിച്ച് എന്തിനാണ് പറയുന്നതെന്ന് എനിക്ക് മനസിലായില്ല എന്നാണ് അഭിഷേക് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം, ജനുവരി 31ന് ആയിരുന്നു ഒരു ജാതി ജാതകം തിയേറ്ററുകളില്‍ എത്തിയത്. മാര്‍ച്ച് 14ന് ആണ് ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ എത്തിയത്. 4.55 കോടി ബജറ്റില്‍ എത്തിയ ചിത്രം തിയേറ്ററുകളില്‍ നിന്നും 9.23 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം വിവാഹം ആലോചിക്കുന്ന ഒരു യുവാവിന്റെ കഥയാണ് പറഞ്ഞത്.