'സിനിമ കണ്ടില്ല, അതൊരു കലയാണ്, ആസ്വദിക്കുക'; എമ്പുരാൻ വിമർശനങ്ങൾക്കിടെ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ

എമ്പുരാൻ വിമർശനങ്ങൾക്കിടെ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. സിനിമയെ രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് പറഞ്ഞ മന്ത്രി സിനിമ ഒരു കലയാണെന്നും അത് ആസ്വദിക്കുക എന്നത് മാത്രമാണെന്നും കൂട്ടിച്ചേർത്തു. സിനിമയെ മറ്റൊരു തരത്തിൽ വക്രീകരിക്കേണ്ടതില്ലെന്നും എമ്പുരാൻ സിനിമ കണ്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എമ്പുരാനെതിരെ വിമർശനം ശക്തമാവുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം. എമ്പുരാനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രചരണം കണ്ടുവെന്നും നമ്മുടെ രാഷ്ട്രീയ കാഴ്ച പ്പാടുകൾക്കെതിരായ സിനിമയെ വിമർശിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. സിനിമയുടെ കഥ കഥാ കൃത്തും സംവിധായകനും പ്രൊഡ്യൂസറും നോക്കിക്കോളും. രാഷ്ട്രീയ ആയുധവും മതപരമായ ആയുധവും ആക്കേണ്ടതില്ല. കലയായി മാത്രം ആസ്വദിക്കുകയെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം സിനിമയിൽ ലഹരി, അക്രമം എന്നിവ പ്രോത്സാഹിപ്പിക്കരുത് എന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അത്തരം വിഷയങ്ങൾ സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. അത് വിമർശിക്കാം. സിനിമ ചോർത്തുന്നത് ഇന്റസ്ട്രിയെ ബാധിക്കുന്ന കാര്യമാണ്. നിയമപരമായി എന്ത് ചെയ്യാൻ കഴിയും എന്ന് ആലോചിക്കുന്നു. സിനിമ ചോർത്തി സിനിമയുടെ പ്രാധാന്യം കുറയ്ക്കാനും കാഴ്ചക്കാരെ കുറയ്ക്കാനും ശ്രമിക്കുന്നത് ശരിയല്ലെന്നും അത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

Read more