ഭോപ്പാൽ ദുരന്തത്തെ ആസ്പദമാക്കി വെബ് സീരീസ്; റിലീസ് തടയണമെന്ന പ്രതികളുടെ ഹർജി തള്ളി ഹൈക്കോടതി

‘ദി റെയിൽവേ മെൻ: ദി അൺടോൾഡ് സ്റ്റോറി ഓഫ് ഭോപ്പാൽ 1984’ എന്ന പുറത്തിറങ്ങാനിരിക്കുന്ന യാഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന വെബ് സീരീസിന്റെ റിലീസ് തടയണമെന്ന ഹർജി ബോംബൈ ഹൈക്കോടതി തള്ളി.

ഭോപ്പാൽ വാതക ദുരന്തത്തെ ആസ്പദമാക്കിയാണ് വെബ് സീരീസ് എടുത്തിരിക്കുന്നത്. 1984 ൽ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഇന്ത്യയിൽ നടന്ന ഭോപ്പാൽ വാതക ദുരന്തം.

ഭോപ്പാൽ വാതക ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും അതുകൊണ്ട് തന്നെ വെബ് സീരീസ് ഇപ്പോൾ റിലീസ് ചെയ്താൽ അത് തങ്ങളുടെ കേസിനെ ബാധിക്കുമെന്നും പറഞ്ഞ് ഭോപ്പാൽ വാതക ദുരന്തത്തിലെ പ്രതികളാണ് വെബ് സീരീസിന്റെ റിലീസ് തടയണം എന്നാവശ്യപ്പെട്ടുകൊണ്ട് സ്റ്റേ ആവശ്യപ്പെട്ടത്.

ഹർജിക്കാരുടെ ആശങ്കയിൽ അടിസ്ഥാനമില്ലെന്ന് കണ്ടാണ് കോടതി ഹർജി തള്ളിയത്. തങ്ങള്‍ക്ക് വേണ്ടി സീരിസിന്‍റെ പ്രത്യേക ഷോ നടത്തണം എന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതും കോടതി അംഗീകരിച്ചിരുന്നില്ല.

ശിവ് റാവെയിൽ ആണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. മാധവൻ, കെ. കെ മേനോൻ, ദിവ്യേന്ദു ശർമ്മ എന്നിവരാണ് സീരീസിൽ പ്രാധാന വേഷത്തിലെത്തുന്നത്.   നവംബർ 18 നാണ് വെബ് സീരീസ് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങുന്നത്.