മണിരത്നത്തിന്റെ ബ്രാഹ്മണ്യവത്കരണം; പൊന്നിയിന്‍ സെല്‍വനെതിരെ രൂക്ഷവിമർശനം

പൊന്നിയിന്‍ സെല്‍വൻ പോസ്റ്ററിലെ മാറ്റം മണിരത്നത്തിന്റെ ബ്രാഹ്മണ്യവത്കരണമാണെന്ന് കാട്ടി രൂക്ഷ വിമർശനം. ചിത്രത്തിന്റെ ഐമാക്സ് റിലീസ് അറിയിച്ചുള്ള പോസ്റ്ററിൽ ആദിത്യ കരികാലൻ എന്ന വിക്രം കഥാപാത്രത്തിന് അണിയറപ്രവർത്തകർ വരുത്തിയ മാറ്റം ശ്രദ്ധേയമായതിന് പിന്നാലെ ‘വീ ദ്രവീഡിയൻസ്’ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വിമർശനം ഉയർന്നത്.

ആദിത്യ കരികാലൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നതോടെ ചോളന്മാരുടെ ചരിത്രം തെറ്റായി കാണിക്കുന്നതായും മണിരത്നം ബ്രാഹ്മണ്യവത്കരണം നടത്തിയെന്നും കാട്ടിയാണ് വിവാദങ്ങൾ ആരംഭിച്ചത്. ചോളന്മാർ ശൈവ ഭക്തരായിരുന്നുവെന്നും മണിരത്നത്തിന്റെ ബ്രാഹ്മണ്യവത്കരണമാണ് ഇതെന്നുമാണ് വിമർശകരുടെ വാദം.

ആദിത്യ കരികാലൻ നെറ്റിയിൽ ‘പട്ടൈ’ ധരിച്ചിരിക്കുന്നതായാണ് പോസ്റ്ററിൽ ഉള്ളത്. എന്നാൽ കഥയിലെ വസ്തുതാപരമായ പിശകുകൾ അണിയറപ്രവർത്തകർ തിരുത്തിയതായുള്ള സൂചനകൾ ആണ് പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്.

ചിത്രത്തിൻ്റെ ടീസർ പുറത്തുവന്നതിന് ശേഷം ഇതുകാണിച്ച് നടൻ വിക്രമിനും മണിരത്നത്തിനും എതിരെ ലഭിച്ച പരാതിയിൽ കോടതി നോട്ടീസ് അയച്ചിരുന്നു. കഥാപാത്രം വൈഷ്ണവ തിലകം തൊട്ടിരിക്കുന്നതായാണ് ആദ്യം പുറത്തുവന്ന പോസ്റ്ററിലും ടീസറിലും കാണിക്കുന്നത്.

Read more

സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ വിക്രം, കാര്‍ത്തി, ജയം രവി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ഐശ്വര്യ റായ്, തൃഷ, ശോഭിതാ ദുലിപാല, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ജയചിത്ര തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.