200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറിന്റെ ധനവിനിയോഗത്തെക്കുറിച്ചുള്ള അന്വേഷണം മലയാളം വെബ് സീരീസായ ഇന്‍സ്റ്റഗ്രാമത്തിലേക്കും. വെബ്‌സീരീസിന്റെ നിര്‍മാണ കമ്പനിയായിരുന്ന എല്‍.എസ് ഫിലിം കോര്‍പ്പിന്റെ സാമ്പത്തിക ഇടപാടുകളാണ് ദല്‍ഹി പൊലീസ് അന്വേഷിക്കുന്നത്.
ഒരു സ്വകാര്യ കമ്പനിയുടെ ഡയറക്ടറായ അരുണ്‍ മുത്തു സുകേഷിനെയും നടി ലീന പോളിനെയും ആഡംബര കാറുകള്‍ വാങ്ങാന്‍ സഹായിച്ചിരുന്നു. ഇയാളുടെ സഹായത്താലാണ് എല്‍.എസ് ഫിലിം കോര്‍പ്പ് എന്ന സ്ഥാപനം സുകേഷും ലീനയും ആരംഭിക്കുന്നത്.
ലീനയ്ക്കൊപ്പം അരുണ്‍ മുത്തുവാണ് മലയാളം വെബ് സീരീസ് നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇന്‍സ്റ്റാഗ്രാമം സീരീസ് നീം സ്ട്രീമെന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിന് മൂന്ന് കോടി രൂപയ്ക്കാണ് നല്‍കിയത്. ഇതില്‍ 90 ലക്ഷം രൂപ എല്‍.എസ് ഫിലിം കോര്‍പ്പിന്റെ അക്കൗണ്ടിലാണ് ലഭിച്ചതെന്ന് ദല്‍ഹി പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു.
ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിംഗിന്റെ കുടുംബത്തില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖറും നടി ലീന മരിയ പോളും ദല്‍ഹി പൊലീസിന്റെ പിടിയിലായത്. ശിവീന്ദറിന്റെ ഭാര്യ അദിതി സിംഗ് നല്‍കിയ പരാതിയിലായിരുന്നു പൊലീസിന്റെ നടപടി.
Read more
ജയിലിലായിരുന്ന ശിവീന്ദര്‍ സിംഗിന് ജാമ്യം സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് നിയമകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ അദിതി സിംഗില്‍നിന്ന് പണം കൈക്കലാക്കിയത്.