നിറഞ്ഞ സദസ്സിൽ മികച്ച പ്രതികരണവുമായി 'ചെമ്പരത്തിപ്പൂ'വിന്റെ ആദ്യ ദിനം

നവാഗതനായ അരുൺ വൈഗ സംവിധാനം ചെയ്ത ചെമ്പരത്തിപ്പൂവിന്റെ ആദ്യ ദിനം മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ആസിഫ് അലിയുടെ സഹോദരന്‍ അഷ്‌കര്‍ അലി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. അദിതി രവി, പാര്‍വതി അരുണ്‍ എന്നിവരാണ് നായികമാര്‍. അജു വര്‍ഗീസ്, വിശാഖ് നായര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, സുധീര്‍ കരമന എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. അത്യാധുനിക സാങ്കേതിക വിദ്യയായ മാനിക്യുന്‍ ടെക്നിക്ക് ഉപയോഗിച്ചാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സാങ്കേതികത ഉപയോഗിക്കുന്നത്.

പൂര്‍ണമായും 8k റെഡ് ഹീലിയം ക്യാമറയില്‍ മാസ്റ്റര്‍ പ്രൈം ലെന്‍സ് ഉപയോഗിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഇത് വരെ നമ്മള്‍ കണ്ട പ്രണയ കഥകളില്‍ നിന്നും വളരെ വ്യത്യസ്തമായ പ്രമേയമാണ് സിനിമയ്ക്കുള്ളത്. ഒരു ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിന് ആദ്യ ദിനം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പഠന കാലയളവിൽ ഉണ്ടാകുന്ന പ്രണയവും ആ പ്രണയത്തിലെ വിരഹവും സന്തോഷവും എല്ലാം നന്നായി വരച്ചു കാട്ടുന്ന സിനിമ കൂടിയാണ് ചെമ്പരത്തിപ്പൂ.

സന്തോഷ് അണിമയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംവിധായകന്‍ അരുണ്‍ വൈഗ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിങ്ങും. റൊമാന്റിക് എന്റര്‍ടെയ്‌നര്‍ ജോണറിലാണ് അഷ്‌കര്‍ അലിയുടെ രണ്ടാമത്തെ ചിത്രമായ ചെമ്പരത്തിപ്പൂ എത്തുന്നത്. ഡ്രീംസ് സ്‌ക്രീന്‍സിന്റെ ബാനറില്‍ ഭുവനേന്ദ്രന്‍, സഖറിയ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത് മാക്‌സ് ലാബ് എന്റര്‍ടെയ്ന്‍മെന്റ് ആണ്.