യഥാർത്ഥ രംഗയുടെ റൂട്ട് തൃശൂർ അല്ലേ എന്ന് ഫഹദ് തിരിച്ചു ചോദിച്ചപ്പോൾ ഞാൻ വിരണ്ടുപോയി; വെളിപ്പെടുത്തി ജിതു മാധവൻ

രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിതു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് ആവേശത്തിലെ രംഗ.

ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.

തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ മലയാളത്തിൽ മറ്റൊരു നൂറ് കോടി നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ജിതു മാധവൻ.ഇപ്പോഴിതാ യഥാർത്ഥ രംഗയെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ജിതു മാധവൻ. ഈ സിനിമയുടെ കഥ പറയാൻ പോയപ്പോൾ ഫഹദിനോട് ഞാൻ ഈ രംഗയുടെ യഥാർത്ഥ പേര് പറഞ്ഞുവെന്നും. പേര് കേട്ടപ്പോൾ തന്നെ ഫഹദിന് അദ്ദേഹത്തെ മനസിലായെന്നും ജിതു മാധവൻ പറയുന്നു.

“രംഗയെ കുറിച്ച് അറിയുന്നതൊക്കെ ആ സിനിമയിലുണ്ട്. കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ കൂടുതൽ എഴുതണം. ഇതുപോലെ ഒരാളെ ഞാൻ കണ്ടിട്ടുണ്ട്. ഗ്യാങ്സ്റ്റർ ആണെന്ന് പറയാൻ പറ്റില്ല. ഈ ക്യാരക്ട‌ർ ഉണ്ടാകാൻ ഒരു റെഫറൻസ് ഉറപ്പായും ഉണ്ട്. ഇതുപോലെ ഒരു കഥാപാത്രത്തെ എനിക്ക് പരിചയമുണ്ട്. അത് ഫഹദിനും അറിയാം.

അതിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല. അത് നമുക്ക് അങ്ങനെ വിടാം. പടം ഹിറ്റായല്ലോ. പുള്ളിയായി എനിക്ക് കോൺടാക്ട് ഇല്ല. സിനിമയിൽ കാണുന്ന രംഗണ്ണൻ ഒന്നും അല്ല അദ്ദേഹം.

ഈ സിനിമയിൽ എന്താണ് റിയൽ സ്റ്റോറിയെന്നും എന്താണ് ഫിക്ഷനെന്നും ഞാൻ വേർതിരിച്ചു പറയുന്നില്ല. കാരണം അതു പറയാതിരിക്കുന്നതാണ് സിനിമയുടെ ഭംഗിയെന്നാണ് തോന്നുന്നത്. രോമാഞ്ചത്തിലെ പോലെയല്ല, ഒരുപാട് ഫിക്ഷൻ മിക്‌സ് ചെയ്‌തിട്ടുണ്ട്. റിയൽ ഇൻസിഡന്റും ഉണ്ടെന്ന് അറിഞ്ഞാൽ മതിയെന്ന് തോന്നി.

ഈ സിനിമയുടെ കഥ പറയാൻ പോയപ്പോൾ ഫഹദിനോട് ഞാൻ ഈ പുള്ളിയുടെ പേര് പറഞ്ഞു. പേര് കേട്ടപ്പോൾ തന്നെ ഫഹദിന് അദ്ദേഹത്തെ മനസിലായി. ഫഹദിന് പരിചയം ഉണ്ടാകാൻ യാതൊരു ചാൻസും ഇല്ലെന്ന രീതിയിലാണ് റിയൽ ക്യാരക്‌ടറിൻ്റെ പേര് ഞാൻ പറയുന്നത്. പേര് പറഞ്ഞ ഉടനെ പുള്ളിയുടെ റൂട്ട് തൃശൂർ അല്ലേ എന്ന് തിരിച്ചു ചോദിച്ചപ്പോൾ ഞാൻ വിരണ്ടുപോയി.

നമുക്കിത് ഇവിടെ നിർത്താം. അത് തുടരേണ്ടെന്ന് പറഞ്ഞു. അത് പറയാൻ കാരണം ആ പുള്ളിയുമായി എനിക്കുണ്ടായിട്ടുള്ള അനുഭവം അത്ര നല്ലതല്ലാത്തതുകൊണ്ടാണ്. നിങ്ങൾ കാണുന്നതുപോലെ അദ്ദേഹം അത്ര നല്ല മനുഷ്യനൊന്നും അല്ല. രംഗണ്ണൻ നന്മയൊക്കെയുള്ള തക്കുടുവായ ഒരുമനുഷ്യനാണ്. ശരിക്കുള്ളവർ അതല്ല ടെററർ ആണ്.” എന്നാണ് ക്ലബ്ബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ജിതു മാധവൻ പറഞ്ഞത്.

അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

അതേസമയം റിലീസ് ചെയ്ത് പതിമൂന്ന് ദിവസങ്ങൾ കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയത്. ഓപ്പണിംഗ് ദിനത്തില്‍ ആഗോളതലത്തില്‍ 10 കോടിക്ക് മുകളില്‍ നേടിയ ചിത്രം കേരളത്തില്‍ മാത്രം 4 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ എല്ലാം 3 കോടിക്ക് മുകളില്‍ കളക്ഷന്‍ ചിത്രം കേരളത്തില്‍ നിന്നും നേടിയിട്ടുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ‘ആടുജീവിതം’, ‘പ്രേമലു’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം 100 കോടി ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ ചിത്രമാണ് ആവേശം. ഫഹദിന്റെ ആദ്യ നൂറ് കോടി ചിത്രം കൂടിയാണിത്.

മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.