വോട്ടെടുപ്പിനിടെ നിരവധി മരണം; ഏറെയും കുഴഞ്ഞുവീണ്

വോട്ടെടുപ്പിന്റെ ഈ ദിവസത്തിൽ നിരവധി മരണമാണ് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട്, പാലക്കാട്, മലപ്പുറം തുടങ്ങി നിരവധി ജില്ലകളിൽ വോട്ട് ചെയ്യാനെത്തിയ ആളുകൾ കുഴഞ്ഞുവീണ് മരിച്ചു.

കോഴിക്കോട് കുറ്റിച്ചിറയിൽ സ്ലിപ് വിതരണം നടത്തിയിരുന്ന സിപിഎം പ്രവർത്തകനായ ബൂത്ത് ഏജൻ്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എൻജിനീയർ കുഞ്ഞിത്താൻ മാളിയേക്കൽ കെ.എം അനീസ് അഹമ്മദ് ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അതേസമയം പാലക്കാട് ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയിൽ വോട്ട് ചെയ്യാനെത്തിയ വോട്ടർ കുഴഞ്ഞു വീണു മരിച്ചു. വാണിവിലാസിനി മോഡൻകാട്ടിൽ ചന്ദ്രൻ ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷം കുഴഞ്ഞു വീണ ഇയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മലപ്പുറം തിരൂരിൽ തിരഞ്ഞെടുപ്പ് ക്യൂവിൽ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകൻ ഹൃദയസ്‌തംഭനം മൂലം മരിച്ചു. നിറമരുതൂർ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത്‌ ആലിക്കാനകത്ത് സിദ്ധിഖ് ആണ് ഹൃദയസ്‌തംഭനത്തെ തുടർന്ന് മരിച്ചത്.

ആലപ്പുഴ കാക്കാഴം എസ്എൻ വി ടിടിഐ സ്ക്കൂളിൽ വോട്ട് ചെയ്തിറങ്ങിയ കാക്കാഴം വെളിപറമ്പ് സോമരാജൻ കുഴഞ്ഞുവീണു മരിച്ചു. 138 നമ്പർ ബൂത്തിലെ വോട്ടറാണ് സോമരാജൻ. അതേസമയം പാലക്കാട് തേങ്കുറുശ്ശിയിൽ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. വടക്കേത്തറ ആലക്കൽ വീട്ടിൽ സ്വാമിനാഥൻ്റെ മകൻ എസ്.ശബരി ആണ് മരിച്ചത്. വടക്കേത്തറ ജിഎൽപി സ്‌കൂളിൽ വോട്ട് ചെയ്ത് മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറം പരപ്പനങ്ങാടിയിൽ വോട്ടു ചെയ്യാൻ ബൈക്കിൽ പോയ ആൾ വാഹനമിടിച്ച് മരിച്ചു. ബിഎം സ്‌കൂളിനു സമീപമുണ്ടായ അപകടത്തിൽ നെടുവാൻ സ്വദേശി ചതുവൻ വീട്ടിൽ സൈദു ഹാജി ആണ് മരിച്ചത്. ലോറി തട്ടി ബൈക്കിൽനിന്ന് വീഴുകയായിരുന്നു.