സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, സീരിയല്‍ സെറ്റില്‍ എത്താതിനാല്‍ അന്വേഷിച്ചെത്തി സുഹൃത്ത്; രഞ്ജുഷയുടെ ആത്മഹത്യ പിറന്നാള്‍ ദിനത്തില്‍!

സിനിമ-സീരിയല്‍ നടി രഞ്ജുഷ മേനോന്‍ ആത്മഹത്യ ചെയ്തത് സ്വന്തം പിറന്നാള്‍ ദിനത്തില്‍. ശ്രീകാര്യം കരിയത്തെ ഫ്‌ലാറ്റിലെ മുറിയില്‍ തിങ്കളാഴ്ച രാവിലെയാണ് രഞ്ജുഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സുഹൃത്ത് മനോജ് ശ്രീലകവുമായി ഒന്നിച്ചായിരുന്നു രഞ്ജുഷയുടെ താമസം.

പറവൂര്‍ കരുമാലൂര്‍ ലക്ഷ്മി ഗോവിന്ദത്തില്‍ രഞ്ജുഷ മേനോന്‍ രണ്ടു വര്‍ഷത്തിലേറെയായി കരിയത്തെ ഫ്‌ലാറ്റിലാണ് താമസം. ഇന്നലെ പുലര്‍ച്ചെ സീരിയല്‍ സംവിധാനവുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്നു പോയിരുന്നു എന്നാണ് മനോജ് പറയുന്നത്. രാവിലെ 9.30 ആയിട്ടും രഞ്ജുഷ അഭിനയിക്കാന്‍ എത്തിയില്ല.

തുടര്‍ന്ന് ഫോണ്‍ ചെയ്തപ്പോള്‍ എടുക്കാത്തതിനാല്‍ താന്‍ തിരിച്ചു വീട്ടിലേക്ക് ചെന്നു. താമസിക്കുന്ന ഫ്‌ലാറ്റിലെ വാതില്‍ പൂട്ടിയിരുന്നതിനാല്‍ താഴെയിറങ്ങി സെക്യൂരിറ്റി ജീവനക്കാരന്റെ സഹായത്തോടെ ഏണി വച്ച് ഫ്‌ലാറ്റിന്റെ പിന്‍വശത്തുകൂടി കയറി വാതില്‍ തുറന്നു നോക്കുമ്പോഴാണ് രഞ്ജുഷയെ മരിച്ച നിലയില്‍ കണ്ടത്.

ഫാനില്‍ നിന്നു നിലത്തിറക്കി പരിശോധിക്കുമ്പോള്‍ മരിച്ചിരുന്നു എന്നാണ് മനോജ് ശ്രീലകം പൊലീസിന് നല്‍കിയ മൊഴി. സീരിയലില്‍ ലൈന്‍ പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിരുന്ന രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്.

Read more

അതേസമയം, മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകളില്‍ അഭിനയിച്ച രഞ്ജുഷ, ആനന്ദരാഗം, വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ചു വരികയായിരുന്നു. രഞ്ജുഷയ്ക്ക് രണ്ടാം ക്ലാസുകാരിയായ മകളുണ്ട്.