'നടി ആരോപണം ഉന്നയിച്ച ദിവസം ഹോട്ടലില്‍ തന്നെയുണ്ടായിരുന്നു'; സിദ്ദിഖിനെതിരെ നിര്‍ണായക തെളിവ് ലഭിച്ചു

ലൈംഗികാതിക്രമ കേസിൽ സിദ്ദിഖിനെതിരെ പൊലീസിന് നിര്‍ണായക തെളിവ് ലഭിച്ചു. താന്‍ ലെെംഗികാതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. മസ്‌ക്കറ്റ് ഹോട്ടലില്‍ നിന്നാണ് പൊലീസിന് നിര്‍ണായക തെളിവ് ലഭിച്ചത്.

2016 ജനുവരിയിലെ രജിസ്റ്റര്‍ അടക്കമുള്ള രേഖകൾ പൊലീസ് പരിശോധിക്കുകയാണ്. ഹോട്ടലിലെ ജീവനക്കാരുടെ അടക്കം മൊഴികള്‍ രേഖപ്പെടുത്തും. സംഭവം നടന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള സാങ്കേതിക തെളിവുകള്‍ ശേഖരിക്കുന്നത് വെല്ലുവിളിയാണ്. എങ്കിലും നടി ആരോപണത്തില്‍ ഉന്നയിച്ച ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെയുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

എട്ട് വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചു പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. പരാതിയില്‍ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരുന്നു. അതേസമയം ആരോപണത്തില്‍ നടിക്കെതിരെയും സിദ്ദിഖ് പരാതി നല്‍കിയിട്ടുണ്ട്.