എന്തൊരു സ്ത്രീ ബഹുമാനം തോന്നിപ്പോയി..; 'കറി ആന്‍ഡ് സയനൈഡി'ല്‍ ചര്‍ച്ചയായി രഞ്ജി വിത്സന്‍, ഡോക്യുമെന്ററിക്ക് ഗംഭീര പ്രതികരണം

കേരളം നടുങ്ങിയ കൂടത്തായി കൂട്ടക്കൊലയുടെ രഹസ്യങ്ങളുടെ മറ നീക്കി കൊണ്ടാണ് ‘കറി ആന്‍ഡ് സയനൈഡ്’ ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയത്. ഡിസംബര്‍ 22ന് സ്ട്രീമിംഗ് ആരംഭിച്ച ഡോക്യുമെന്ററി ശ്രദ്ധ നേടുകയാണ്. മികച്ച പ്രതികരണങ്ങളാണ് ഡോക്യുമെന്ററിക്ക് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

കേരള സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായി കൊലപാതക കേസ്. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറ് പേരെ സയനൈഡ് നല്‍കി ജോളി ജോസഫ് കൊലപ്പെടുത്തിയത്. കൂടത്തായി കേസിന്റെ ഇതുവരെ ആരും സംസാരിക്കാത്തൊരു വശമാണ് ഈ ഡോക്യുമെന്ററി പറയുന്നത്.

ഞെട്ടിച്ച ക്രൂരതയുടെ ചുരുളഴിക്കാനായി നീതിക്ക് വേണ്ടി പോരാടിയ, ജോളി ജോസഫിന്റെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരി രഞ്ജി വിത്സനെ തുറന്നു കാട്ടിയാണ് ഡോക്യുമെന്ററി എത്തിയിരിക്കുന്നത്. ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്ത ഡോക്യുമെന്ററി ശ്രദ്ധ നേടുകയാണ്.

ജോളിയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ റോജോയും കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, ജോളിയുടെ മകന്‍, കുടുംബാംഗങ്ങള്‍, അയല്‍വാസികള്‍ തുടങ്ങിയവര്‍ ഡോക്യുമെന്ററിയുടെ ഭാഗമാകുന്നുണ്ട്. രഞ്ജി വിത്സന്‍ സംസാരിക്കുന്ന ഭാഗങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചാണ് ഡോക്യുമെന്ററിയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എത്തുന്നത്.

”അപ്പനും അമ്മയും സഹോദരനും നഷ്ടപ്പെട്ട ഒരു സ്ത്രീ നടത്തിയ പോരാട്ടം.. അവസാനം ജോളിയെ ജയിലില്‍ സന്ദര്‍ശിക്കുന്ന സംഭവം വിശദീകരിക്കുന്നത് കേട്ട് കണ്ണ് നിറഞ്ഞു പോയി… എന്തൊരു സ്ത്രീ ബഹുമാനം തോന്നിപ്പോയി” എന്നാണ് ഒരാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

”നല്ല ഡോക്യുമെന്ററി ആണ് കണ്ടു നോക്കു.. ഇത് കണ്ടു കഴിയുമ്പോള്‍ ബഹുമാനം തോന്നിയത് ജോളിയുടെ ഭര്‍ത്താവിന്റെ പെങ്ങളോടാണ്.. അവര്‍ എത്ര ബോള്‍ഡ് ആയിട്ടാണ് ഓരോ കാര്യങ്ങള്‍ ചെയ്ത്.. ആരും അറിയാതെ പോകുമായിരുന്ന കാര്യം…. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും” എന്നാണ് മറ്റൊരു അഭിപ്രായം.

Read more