എമ്പുരാന്റെ പണി തുടങ്ങി; ഒടുവില്‍ ആ സന്തോഷവാര്‍ത്ത ആരാധകരോട് പങ്കുവെച്ച് ദീപക് ദേവ്

എമ്പുരാന് വേണ്ടി ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ . പൃഥ്വിരാജ് മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമെന്നത് തന്നെയാണ് അതിന് പിന്നിലെ കാരണം. ഇപ്പോഴിത ഈ ചിത്രത്തെ കുറിച്ച് സംഗീത സംവിധായകന്‍ ദീപക് ദേവ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

‘എമ്പുരാന്റെ പണി തുടങ്ങിയിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ട് കുറച്ച് മാസം കഴിഞ്ഞിട്ടേ ഉള്ളൂ. എന്റെ പണി തുടങ്ങി’, എന്നാണ് ദീപക് ദേവ് പറയുന്നത്. ആശാ ശരത്തിന്റെ മകള്‍ ഉത്തരയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ആയിരുന്നു ദീപക്കിന്റെ പ്രതികരണം.

ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനുവേണ്ടി ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചനകള്‍. ലൂസിഫറിലേത് പോലെ മഞ്ജു വാരിയര്‍, ടൊവിനൊ തോമസ് തുടങ്ങിയവരും എമ്പുരാനില്‍ ഉണ്ടാകും. എമ്പുരാന്‍ നിര്‍മ്മിക്കുന്നതിനായി ആശിര്‍വാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും തെന്നിന്ത്യയിലെ മുന്‍നിര നിര്‍മ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മുമ്പ് തന്നെ പുറത്തുവന്നിരുന്നു.

Read more

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനില്‍ ആണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പൂര്‍ണ്ണമായും രാജസ്ഥാനില്‍ ആണ് ചിത്രീകരണം നടക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട ലൊക്കേഷന്‍ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്. ജീത്തു ജോസഫിന്റെ റാമും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യുമെന്നാണ് വിവരം.