മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമാ യാത്രയെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒഴിച്ചു കൂടാനാവാത്ത ഒരു അധ്യായമാണ് ഡെന്നീസ് ജോസഫ്. മലയാള സിനിമയില്‍ വമ്പന്‍ ഹിറ്റുകള്‍ എഴുതി ചേര്‍ത്ത തിരക്കഥാകൃത്ത്. മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ തിരക്കഥാകൃത്ത് ആണ് ഡെന്നീസ് ജോസഫ്.
മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് രാജാവിന്റെ മകന്‍. രാജാവിന്റെ മകന്‍ രണ്ടാം ഭാഗത്തിനായി ഡെന്നീസ് ജോസഫ് ഒരുങ്ങിയതാണ്, പക്ഷേ നടന്നില്ല എന്നാണ് മോഹന്‍ലാല്‍ മനോരമയോട് പ്രതികരിക്കുന്നത്.
രാജാവിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനായി വീണ്ടും ഇരിക്കാമെന്നു പറഞ്ഞിരുന്നു. സിനിമ അങ്ങനെയാണ്. ഒരു കാലത്തെ മലയാള സിനിമയെ നയിച്ച എഴുത്തുകാരനെയാണ് നഷ്ടമാകുന്നത്. ഒരു ഫോണ്‍ കോളിനപ്പുറം വേണ്ടപ്പെട്ട ഒരാള്‍ ഇല്ലാതായിപ്പോകുന്നതു വല്ലാത്തൊരു ഞെട്ടലാണ്. ഇതു തീരെ പ്രതീക്ഷിക്കാത്തൊരു യാത്രയാണ് എന്നാണ് മോഹന്‍ലാല്‍ പ്രതികരിക്കുന്നത്.
അതേസമയം, രാജാവിന്റെ മകന്‍ മമ്മൂട്ടിക്ക് വേണ്ടി എഴുതിയ സിനിമ ആയിരുന്നു എന്ന് ഡെന്നീസ് ജോസഫ് അഭിമുഖങ്ങളില്‍ വ്യക്തമാക്കിയ വാക്കുകളും ഓര്‍മ്മിക്കപ്പെടുകയാണ്. വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രം സത്യത്തില്‍ മമ്മൂട്ടിക്ക് വേണ്ടി എഴുതിയതായിരുന്നു. പക്ഷേ, മമ്മൂട്ടി സമ്മതിക്കാത്തതിനെ തുടര്‍ന്ന് മോഹന്‍ലാലിനെ നായകനാക്കാന്‍ തീരുമാനിച്ചു. കഥപോലും കേള്‍ക്കാതെ തന്നെ ലാല്‍ സമ്മതം മൂളി.
Read more
അഞ്ചോ ആറോ ദിവസം കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയത്. അന്നൊക്കെ മമ്മൂട്ടി തന്റെ മുറിയില്‍ വരും. എഴുതി വച്ചിരിക്കുന്നത് എടുത്തു വായിക്കും. വായിക്കുക മാത്രമല്ല, വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രത്തിന്റെ ഡയലോഗ് സ്വന്തം സ്‌റ്റൈലില്‍ അവതരിപ്പിച്ചു കേള്‍പ്പിക്കുന്നതുമെല്ലാം ഓര്‍മയിലുണ്ട് എന്നും ഡെന്നീസ് മാതൃഭൂമിയുടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.