ഇത് തകർക്കും; ഹിറ്റ് ചാർട്ടിൽ ഇടം നേടാൻ 'ബാന്ദ്ര'യുടെ മറ്റൊരു അപ്ഡേറ്റ് കൂടി

അരുൺ ഗോപി-ദിലീപ് കോമ്പോ മാത്രമല്ല, തെന്നിന്ത്യൻ താരസുന്ദരി തമന്നയുടെ ആദ്യ മലയാളചിത്രം എന്നതും ബാന്ദ്രയ്ക്ക് വൻ ഹൈപ്പ് ആണ് നൽകുന്നത്. ‘രെക്ക രെക്ക’ എന്ന ഹിറ്റ് ഗാനത്തിന് പിന്നാലെ ബാന്ദ്രയിലെ മറ്റൊരു ഗാനം കൂടി വരികയാണ്. ‘വാർമേഘമേ’ എന്ന റൊമാന്റിക് ഗാനമാണ് അടുത്തതായി റിലീസ് ചെയ്യുന്നത്. നാളെ വൈകീട്ട് ആറുമണിയോടെയാകും ഗാനം പുറത്തിറങ്ങുക എന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷമാണ് മാസ് ലുക്കിൽ ഫൈറ്റും ഡാൻസും അടക്കം ചെയ്തിട്ടുള്ള സിനിമയുമായി ദിലീപ് എത്തുന്നത്. ‘രാമലീല’ എന്ന ചിത്രത്തിന് ശേഷം ദിലീപ്-അരുൺ ഗോപി കൂട്ടുകെട്ടിൽ വരുന്ന ചിത്രമാണ് ബാന്ദ്ര. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് ബാന്ദ്രയുടെ മറ്റൊരു പ്രത്യേകത.

ദിനോ മോറിയ, ലെന, രാജ്‌വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി എന്നിവർ ബാന്ദ്രയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. മാസ്സ് ആക്ഷൻ ഗ്യാങ്സ്റ്റർ സിനിമയായിട്ടാണ് ചിത്രം എത്തുന്നെങ്കിലും കുടുംബ ബന്ധങ്ങളുടെ ആഴം സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണ് ഇത്.

Read more

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ അന്‍ബറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവര്‍ ചേര്‍ന്നാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. സാം സി.എസ് ആണ് സംഗീതം. വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – സുബാഷ് കരുണ്‍.