രാഷ്ട്രീയമായി ഒരു വിവരവുമില്ലെന്ന് മന്ത്രി തെളിയിക്കുകയാണ്, പാര്‍ട്ടി ക്ലാസ് കൊടുക്കണം, പരാതിക്കാരിയും ഇടതുസഹയാത്രിക: ആഷിഖ് അബു

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പാര്‍ട്ടി ക്ലാസ് കൊടുക്കണമെന്ന് സംവിധായകന്‍ ആഷിഖ് അബു. സജി ചെറിയാന് രാഷ്ട്രീയമായി യാതൊരു വിവരവുമില്ല എന്നാണ് ആഷിഖ് അബു പറയുന്നത്. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിലുള്ള സജി ചെറിയാന്റെ പ്രതികരണത്തെ വിമര്‍ശിച്ചാണ് ആഷിഖ് അബു സംസാരിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ മുതല്‍ ഈ വിഷയത്തില്‍ ഇടതുപക്ഷ മന്ത്രിമാര്‍ക്ക് തന്നെ ആശയക്കുഴപ്പമുണ്ട്. സാംസ്‌കാരിക മന്ത്രി പറയുന്നത് സാമാന്യ ബുദ്ധിവച്ച് മനസിലാകുന്നതല്ല. അദ്ദേഹം വലിയൊരു മൂവ്‌മെന്റിന് എതിരെ നില്‍ക്കുകയാണ്. ആരെങ്കിലും അദ്ദേഹത്തെ ഉപദേശിക്കണം.

സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ഇതുവരെയുണ്ടായ പ്രസ്താവനകളൊന്നും ഇടതുപക്ഷത്തിന്റെ നയങ്ങളോട് ചേര്‍ന്നു നില്‍ക്കാത്തതാണ്. പരാതി ഉന്നയിച്ച സ്ത്രീയും ഒരു ഇടതു സഹയാത്രികയാണ്. പരാതിക്കാരിയുടെ പരാതിയെ കുറിച്ച് അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തില്‍ ഒതുങ്ങുകയാണ് മന്ത്രി.

മന്ത്രിയുടെ നിലപാടിനോട് ശക്തമായ പ്രതിഷേധമാണുള്ളത്. സജി ചെറിയാന്‍ വിചാരിച്ചാല്‍ ആരെയും സംരക്ഷിക്കാന്‍ പറ്റില്ല. ഈ വിഷയം സംസാരിക്കാന്‍ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും വരണമെന്നാണ് പറയാനുള്ളത്. സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടല്ല സജി ചെറിയാന്‍ പറയുന്നത്.

രാഷ്ട്രീയമായി യാതൊരു വിവരവുമില്ലെന്ന് മന്ത്രി തെളിയിക്കുകയാണ്. അദ്ദേഹത്തിന് പാര്‍ട്ടി ക്ലാസ് കൊടുക്കണം. സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടല്ല ഇത്. ഒന്ന്-രണ്ട് പേര്‍ ഇങ്ങനെ പറയുന്നത് എന്തുകൊണ്ടെന്ന് ഞാനും ആശ്ചര്യപ്പെടുകയാണ്. അത് ഉടന്‍ തന്നെ തിരുത്തുമെന്നാണ് വിശ്വസിക്കുന്നത്.

രഞ്ജിത്തിനെ സര്‍ക്കാര്‍ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തണം. പരാതി കൊടുക്കാന്‍ നടി തയാറാകും. നടി പറഞ്ഞത് ആരോപണമല്ല, വെളിപ്പെടുത്തലാണ് എന്നാണ് ആഷിഖ് അബു പറയുന്നത്. ‘അമ്മ’യുടെ വാര്‍ത്താസമ്മേളനത്തെ കുറിച്ചും സംവിധായകന്‍ പ്രതികരിച്ചു. സിദ്ദിഖ് നല്ല അഭിനേതാവാണെന്നും ഇന്നലെയും അദ്ദേഹം അഭിനയിക്കുന്നതാണ് കണ്ടത് എന്നും ആഷിഖ് അബു പറഞ്ഞു.