ജപ്പാന്റെ കഥ പറഞ്ഞ് 'ഹാസ്യം'; ജയരാജ് ചിത്രം ഷാങ്ഹായ് ചലച്ചിത്ര മേളയിലേക്ക്

സംവിധായകന്‍ ജയരാജ് ചിത്രം “ഹാസ്യം” ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 23ാം പതിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ സിനിമയാണ് ഹാസ്യം. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കഡാവര്‍ (മൃതദേഹം) എത്തിക്കുന്നതടക്കം പല ജോലികള്‍ ചെയ്തു ജീവിക്കുന്ന “ജപ്പാന്‍” എന്നയാളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

കറുത്തഹാസ്യം എന്ന രീതിയില്‍ എടുത്തിരിക്കുന്ന ചിത്രത്തില്‍ ഹരിശ്രീ അശോകന്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ജൂലൈ 18 മുതല്‍ 27 വരെ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചലച്ചിത്രമേളയുടെ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ അനുസരിച്ചാകും ചലച്ചിത്രമേള നടക്കുക.

സബിത ജയരാജ്, ഉല്ലാസ് പന്തളം, ഷൈനി സാറ, കെപിഎസി ലീല, ഡോ. പി.എം. മാധവന്‍, വാവച്ചന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നതും ജയരാജാണ്. എപ്പോക്ക് ഫിലിംസിന്റെ ബാനറില്‍ ജഹാംഗീര്‍ ഷംസാണ് നിര്‍മ്മാണം.