മോഹൻലാലിന്റെ അഭിനയജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് സിനിമകളായിരുന്നു 1988 ൽ പുറത്തിറങ്ങിയ ‘പാദമുദ്ര’യും 1992 ൽ പുറത്തിറങ്ങിയ ‘രാജശിൽപി’യും. സംവിധായകൻ ആർ. സുകുമാരന്റെ സംവിധാനസംരംഭത്തിലെ ഏറ്റവും മികച്ച ചിത്രങ്ങൾ കൂടിയാണ് ഈ രണ്ട് സിനിമകളും.
ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി ആർ സുകുമാരൻ സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ സിനിമയാണ് ‘യുഗപുരുഷൻ’. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രമായ പാദ മുദ്രയുടെ കഥ പറയാൻ മോഹൻലാലിനെ കാണാൻ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ആർ. സുകുമാരൻ
“നല്ല അഭിനയപ്രാധാന്യമുള്ള വേഷമായിരുന്നു പാദമുദ്രയിലേത്. അതുകൊണ്ട് തന്നെ സിനിമയിൽ നെടുമുടി വേണുവിനെ കാസ്റ്റ് ചെയ്താൽ നന്നാവുമെന്ന് എല്ലാരും പറഞ്ഞിരുന്നു. അങ്ങനെ നെടുമുടി വേണുവിനെ പോയി കാണുകയും അദ്ദേഹം ഓക്കെ പറയുകയും ചെയ്തു. പക്ഷേ തിരിച്ച് തിരുവനന്തപുരത്തേക്ക് വന്നുകൊണ്ടിരിക്കുമ്പോൾ ജർമനിയിൽ നിന്നും നിർമ്മാതാവിന്റെ ഫോൺ വന്നു. നെടുമുടി വേണു പറ്റില്ല മോഹൻലാൽ ആണെങ്കിൽ നോക്കാമെന്ന്.
എനിക്ക് ആകെ വിഷമമായി. വീണ്ടും നെടുമുടി വേണുവിനെ കണ്ട് കാര്യം പറഞ്ഞു. അദ്ദേഹവും മോഹൻലാൽ തന്നെ ചെയ്യട്ടെ തനിക്ക് എന്തെങ്കിലും ചെറിയ വേഷം മതിയെന്ന് പറഞ്ഞു.
ശേഷം ലാലിനെ പോയി കണ്ടു ഞാൻ ചെല്ലുമ്പോൾ ഷോട്ടിന്റെ ഇടവേളയിൽ കസേരയിൽ കുമ്പിട്ട് ഇരിക്കുകയാണ് ലാൽ. ആരാധകർ ചുറ്റും നിൽക്കുന്നുണ്ട്. അദ്ദേഹം എന്നെ നോക്കുന്നുമില്ല. വീണ്ടും ഷോട്ടെടുക്കാൻ പോയി തിരിച്ചുവന്ന് അതേ രീതിയിൽ ഗമയിലിരുന്നു. ഞാൻ നേരെ കേറി പരിചയപ്പെടുത്തിയതിന് ശേഷം, ഒരു സിനിമയുണ്ട് ലാൽ ചെയ്താലേ ശരിയാകൂ, മറ്റാരുടെയും റെക്കമെന്റേഷൻ ഇല്ലാതെ വന്നത് എനിക്ക് അത്രയും വിശ്വാസം ഉള്ളത്കൊണ്ടാണ് എന്ന് പറഞ്ഞു. എന്നെ കൊണ്ട് പറ്റില്ല, എനിക്ക് ഒരുപാട് പടങ്ങൾ ചെയ്യാനുണ്ട് എന്നായിരുന്നു മറുപടി.
ലാൽ എന്റെ മുഖത്ത് പോലും നോക്കുന്നില്ല കഥ എന്താണെന്ന് ചോദിച്ചു. ഒരു ജാര പുത്രന്റെ ആത്മസംഘർഷത്തിന്റെ കഥയാണെന്ന് പറഞ്ഞു. അങ്ങനെ നാളെ വന്ന് കാണാൻ പറഞ്ഞു. പിറ്റേന്ന് ഷൂട്ടിംഗിന് പോവാൻ നേരം എന്നോട് വണ്ടിയിൽ കയറാൻ പറഞ്ഞു. കഥ കേട്ട് ഇഷ്ടമായി. ഡേറ്റ് ഇല്ലാത്തതുകൊണ്ട് മൂന്ന് മാസം സമയം വേണമെന്ന് പറഞ്ഞു. പിന്നെ ലാലിന് ബാക്ക് പെയിൻ വന്ന് ചികിത്സ ഓക്കെ ആയിട്ട് കുറച്ച് കാലം അങ്ങനെ പോയി. അത്രയും സമയം കിട്ടിയത് എന്തായാലും നന്നായി. അതുകൊണ്ട് തന്നെ നല്ലപോലെ സിനിമ ചെയ്യാൻ പറ്റി.” മിസ്റ്റർ ബിൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആർ സുകുമാരൻ ഇങ്ങനെ അഭിപ്രായപെട്ടത്.
Read more
സീമ, നെടുമുടിവേണു, രോഹിണി, മാള അരവിന്ദൻ, ഉർവശി, ജഗദീഷ് എന്നിവരായിരുന്നു പാദമുദ്രയിലെ മറ്റ് പ്രധാന താരങ്ങൾ. നിരവധി പ്രേക്ഷക നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ സിനിമ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽപ്പെടുന്നതാണ്.