നായകന് എന്നാല്‍ നന്മയുടെ വക്താവാകണം’ നമ്മള് ഇതുവരെ കണ്ട സാധാരണ ഇന്ത്യന്‍ സിനിമകളുടെ ഒരു ഫിലോസഫി ഇങ്ങനെയാണ്. ഇനി അഥവാ തുടക്കത്തില്‍ നന്മ നിറഞ്ഞ നായകന് അല്ലെങ്കിലും സിനിമ തീരുമ്പോഴേക്ക് ആ കഥാപാത്രം നന്മയുടെ നിറകുടമാകാണം. ആ ഒരു തോട്ടില്‍ ആഞ്ഞടിച്ചു കൊണ്ടാണ് ‘മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്’ എന്ന സിനിമ എത്തിയത്. ഫുള്‍ ഡാര്‍ക്ക് കോമഡിയില്‍ മുന്നേറുന്ന സിനിമ. ഒരു വക്കീലിന്റെ അതിജീവനം എന്ന് പറയാവുന്ന കഥയാണെങ്കിലും സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളുമാണ് ഈ ചിത്രത്തെ മറ്റൊരു ലെവലിലേക്ക് എത്തിക്കുന്നത്. നന്മമരമില്ലാത്ത, നായികയുടെ ക്ലീഷേ റൊമാന്‍സില്ലാത്ത സിനിമ.
തിയേറ്ററില്‍ പ്രേക്ഷകര്‍ അത്രയ്ക്ക് അങ്ങ് ഏറ്റെടുക്കാത്ത സിനിമയാണ് പിന്നീട് ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ മുതല്‍ കത്തിക്കയറി കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് ആണ് ചര്‍ച്ചകളില്‍ നിറയുന്നത്. അങ്ങനെ ഇപ്പോ ആരും നന്ദി കേട്ട് സുഖിക്കണ്ട എന്ന് പറഞ്ഞു കൊണ്ടാണ് സിനിമ ആരംഭിക്കുന്നത് തന്നെ. മലയാള സിനിമയില്‍ നില നിന്നിരുന്ന ക്ലീഷേ ടൈറ്റില്‍ ഡിസൈനുകളെ തച്ചുടച്ച ഒരു ടൈറ്റില്‍ ഡിസൈന്‍ ആണ് സിനിമ ആരംഭിക്കുമ്പോള്‍ കാണാനാവുക.
‘നോ ആനിമല്‍സ് വെര് ഹാംഡ്’ എന്നല്ല ‘ആനിമല്‍സ് വെര് ഹാംഡ്’ എന്നാണ്. കൂട്ടത്തില്‍ ‘ആരോടും നന്ദി പറയാനില്ല’ എന്നും. ടൈറ്റില്‍ കാര്‍ഡുകളില്‍ വരെ വ്യത്യസ്തത പുലര്‍ത്തിയ സിനിമ. എന്ത് വില കൊടുത്തും താന്‍ ഒന്നാമത്തെത്തണം, അതിന് ഏത് വിധേയനെയും തന്റെ കാര്യം നടക്കണം എന്നതിന് ഏതറ്റം വരെയും പോകുന്ന മുകുന്ദന് ഉണ്ണി എന്ന അഡ്വക്കേറ്റിന്റെ കഥയാണ് സിനിമയിലൂടെ പറയുന്നത്. പതിവ് ശീലങ്ങള്‍ തെറ്റിച്ച് നീങ്ങുന്ന സിനിമ ക്ലൈമാക്സിലും ഈ മെത്തേഡ് നിലനിര്‍ത്തി.
പരിക്കേറ്റ പയ്യനുമായി ആംബുലന്‍സില്‍ പോകുമ്പോള്‍ – ‘ ഇത്രനാളും അലഞ്ഞ് തിരിഞ്ഞ് നടന്നിട്ടും ബോധമുള്ള ഒരുത്തനും വക്കാലത്ത് തന്നിട്ടില്ല , ബോധമില്ലാത്തവന്റെ കയ്യില്‍ നിന്നും വക്കാലത്ത് വാങ്ങാനൊരു സുഖമുണ്ട് എന്ന് പറഞ്ഞ് മുകുന്ദന് ഉണ്ണി ബോധമില്ലാത്തവന്റെ കൈരേഖ പതിപ്പിക്കുന്ന ആ ക്രൂരതയുടെ ആഴം വരെ സിനിമയില്‍ ലൈറ്റായി പോകുന്നുണ്ട്.
എല്ലാ തിന്മകളും ചെയ്ത നായകനും അതിനൊത്ത നായികയും സിനിമയുടെ ഒടുക്കം മോറല്‍സ് പറഞ്ഞോ, നല്ല പിള്ളകളായോ ചെയ്ത തെറ്റുകള്‍ക്കുള്ള പ്രതിഫലം അനുഭവിച്ചോ, സിനിമ അവസാനിക്കും എന്ന് കരുതിയ പ്രേക്ഷകര്‍ക്കും തെറ്റി. അല്ല അതാണല്ലോ പതിവ് സിനിമാ ശൈലി… എന്നാല്‍ അത്തരം തിയറികള്‍ക്ക് ഇവിടെ യാതൊരു പ്രാധാന്യവുമില്ല.
Read more
നവംബര്‍ 11ന് തിയേറ്ററുകളില്‍ എത്തിയ മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് ജനുവരി 13ന് ആണ് ഒ.ടി.ടിയില്‍ എത്തിയത്. 2022ല്‍ റിലീസ് ആയ സിനിമകളില്‍ അര്‍ഹിക്കുന്ന വിജയം നേടാതെ പോയ സിനിമയാണ് അഭിനവ് സുന്ദര്‍ നായക് ഒരുക്കിയ മുകുന്ദന് ഉണ്ണി അസോസിയേറ്റ് എന്നേ പറയാനാവുകയുള്ളു. വിനീത് ശ്രീനിവാസന്റെ വണ്മാന് ഷോയാണ് സിനിമ. വിനീത് എന്ന നടന്റെ കരിയര്‍ ബെസ്റ്റ് എന്നും പറയാം. ക്യാമറക്ക് മുന്നില്‍ ഒരു വിനീത് ശ്രീനിവാസന് ഷോ ആണെങ്കില്‍ ക്യാമറക്ക് പിന്നില്‍ എഴുത്തും എഡിറ്റിങും സംവിധാനവുമടക്കം ചെയ്ത അഭിനവ് സുന്ദര്‍ നായക് എന്ന ഫിലിം മേക്കറുടെ അഴിഞ്ഞാട്ടമാണ്…