'ഏറെ ആവേശത്തിലാണ്, കാത്തിരിക്കാനാവുന്നില്ല'; ബോളിവുഡ് ചിത്രത്തെ കുറിച്ച് ദുല്‍ഖര്‍

ബോളിവുഡില്‍ വീണ്ടും തിളങ്ങാന്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നടന്‍ അഭിനയിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഏറെ ആവേശത്തിലാണ് എന്ന് കുറിച്ച് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ സിനിമകളാണ് ദുല്‍ഖറിന്റേതായി പുറത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍. കാര്‍വാനില്‍ അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നായകനായി ദുല്‍ഖര്‍ എത്തിയ സോയ ഫാക്ടറില്‍ സോനം കപൂറായിരുന്നു നായിക.

കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളാണ് ദുല്‍ഖറിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന കുറുപ്പില്‍ പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പ് ആയാണ് താരം വേഷമിടുന്നത്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ടില്‍ പൊലീസ് വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.

Read more

തമിഴ് ചിത്രം ഹേയ് സിനാമികയാണ് ദുല്‍ഖറിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. അദിതി റാവു ഹൈദരിയും കാജല്‍ അഗര്‍വാളും നായികമാരാകുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലാണ്. യുദ്ധം തൊ രസിന പ്രേമ കഥ എന്ന തെലുങ്ക് ചിത്രവും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്. ചിത്രത്തില്‍ ബോളിവുഡ് താരം മൃണാള്‍ താക്കൂര്‍ ആണ് നായിക.