മാപ്പ് പറയില്ല, നിലപാട് തിരുത്തുന്നുമില്ല, വിട്ടുവീഴ്ചയില്ലാതെ മുരളി ഗോപി; അന്നും ഇന്നും മീശ പിരിച്ച് വിജയ്, ഖേദത്തില്‍ മുങ്ങി മോഹന്‍ലാലും പൃഥ്വിരാജും

‘എമ്പുരാന്‍’ വിവാദത്തില്‍ മൗനം തുടര്‍ന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയപ്പോള്‍ സംവിധായകന്‍ പൃഥ്വിരാജും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ളവര്‍ താരത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കാനോ മോഹന്‍ലാലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്യനോ ഉള്ള മനസില്ല എന്ന നിലപാടിലാണ് മുരളി ഗോപി.

തിരക്കഥ പൃഥ്വിരാജ് തിരുത്തിയെന്ന ആരോപണമുയര്‍ന്നിട്ടും മുരളി പ്രതികരിക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. എമ്പുരാന്റെ മുംബൈയിലെ പ്രചാരണ പരിപാടിയില്‍ മാത്രമാണ് മുരളി പങ്കെടുത്തതെന്ന വിവരവും ഇതോടൊപ്പം ചര്‍ച്ചയാകുന്നുണ്ട്. റിലീസ് ദിവസമാണ് മുരളി ഗോപിയും സിനിമ പൂര്‍ണ്ണമായി കണ്ടത് എന്നാണ് ചില സിനിമാപ്രവര്‍ത്തകര്‍ പറയുന്നത്.

നേരത്തെ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന സിനിമയുടെ പേരില്‍ ഇടത് സംഘടനകളുടെ വിമര്‍ശനത്തിന് മുരളി വിധേയനായിരുന്നു. അന്ന് സംഘപരിവാര്‍ അനുകൂലി എന്നായിരുന്നു മുരളിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനം. ഇതിനിടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്, സംവിധായകന്‍ ഡിജോ ജോസ് ആന്റണി എന്നിവര്‍ പൃഥ്വിരാജിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

പൃഥ്വിരാജ് നായകനായ ‘ജനഗണമന’ സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമാണ് ഷാരിസ് മുഹമ്മദും ഡിജോ ജോസ് ആന്റണിയും. അതേസമയം, മോഹന്‍ലാലിന്റെ ഖേദ പ്രകടനത്തിനെതിരെ കടുത്ത രീതിയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും പ്രേക്ഷകരും എമ്പുരാന്‍ സിനിമയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയെങ്കിലും മാപ്പ് പറഞ്ഞതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.

ഇതിനിടെ വിജയ്‌യുടെ പേരാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആകുന്നത്. വിജയ്‌യുടെ മെര്‍സല്‍ ഇറങ്ങിയ സമയത്ത് ജിഎസ്ടിയും കേന്ദ്രസര്‍ക്കാരിന് എതിരെയുമുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് കാണിച്ച് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും ആക്രമണമുണ്ടായിരുന്നു. ചിത്രത്തിലെ മീശ പിരിച്ച പോസ്റ്റര്‍ പങ്കുവച്ചാണ് അന്ന് വിജയ് ആക്രമണങ്ങളോട് പ്രതികരിച്ചത്. ഇത്ര ധൈര്യം പോലും മോഹന്‍ലാലിനോ പൃഥ്വിരാജിനോ ഇല്ല എന്ന വിമര്‍ശനങ്ങളാണ് എത്തുന്നത്.