സത്യം ഇത്തവണ നിങ്ങളെ തേടി വരും..; 'ഗോവര്‍ദ്ധന്‍' വീണ്ടും, പിറന്നാള്‍ ദിനത്തില്‍ 'എമ്പുരാന്‍' സ്‌പെഷ്യല്‍ അപ്‌ഡേറ്റ്

ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഗോവര്‍ദ്ധന്റെ ക്യാരക്ടര്‍ പോസ്റ്ററുമായി പൃഥ്വിരാജ്. ‘സത്യം ഇത്തവണ നിങ്ങളെ തേടി വരും’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘പി. കെ. രാംദാസ് എന്ന വന്‍മരം വീണു, പകരം ആര്’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് തന്നെ ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം ലൂസിഫറില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഗോവര്‍ദ്ധന്‍ എമ്പുരാനില്‍ എത്തുന്ന വീഡിയോ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ലൈവിനിടെ ‘ഹീ ഈസ് കമ്മിംഗ് ബാക്ക്..’ എന്ന ഡയലോഗ് ആണ് പറയുന്നത്. നിമിഷങ്ങള്‍ കൊണ്ട് തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 2025 മാര്‍ച്ച് 27ന് ആണ് അഞ്ച് ഭാഷകളിലായി സിനിമ ആഗോള തലത്തില്‍ റിലീസ് ചെയ്യുക.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എമ്പുരാന്‍ എത്തും. ലൂസിഫറില്‍ ഉണ്ടായിരുന്നു മിക്ക താരങ്ങളും എമ്പുരാനിലും ഉണ്ടാവും. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത്ത്, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിവരും എമ്പുരാന്റെ ഭാഗമാകും.

ഒന്നാം ഭാഗമായ ലൂസിഫര്‍ റിലീസ് ചെയ്തത് മാര്‍ച്ച് മാസത്തിലായിരുന്നു. 2019 മാര്‍ച്ച് 28ന് ആയിരുന്നു ‘ലൂസിഫര്‍’ പുറത്തിറങ്ങിയത്. ലൂസിഫര്‍ വന്‍ വിജയമായതോടെയാണ് രണ്ടാം ഭാഗമായ എമ്പുരാന്‍ പൃഥ്വിരാജ് പ്രഖ്യാപിച്ചത്. 2019 മുതലുള്ള സിനിമാപ്രേമികളുടെ കാത്തിരിപ്പാണ് അടുത്ത വര്‍ഷം മാര്‍ച്ചില്‍ അവസാനിക്കാന്‍ പോകുന്നത്.