IPL 2025: മുംബൈ കാണിച്ചത് വലിയ മണ്ടത്തരം, അവനെ ഒപ്പം നിര്‍ത്തണമായിരുന്നു, യുവതാരത്തെ ഒഴിവാക്കിയതില്‍ ആരാധകര്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഐപിഎല്‍ 2025ലെ പഞ്ചാബ് കിങ്‌സിന്റെ മുന്നേറ്റം തുടരുകയാണ്. ലഖ്‌നൗ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 16.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് മറികടന്നത്. ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് (69) വീണ്ടും തിളങ്ങിയ മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍(52), നേഹാല്‍ വധേര(43) എന്നിവരുടെ ഇന്നിങ്‌സുകളും പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായി. കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് കൈവിട്ടതോടെയാണ് നേഹാല്‍ വധേരയെ പഞ്ചാബ് കിങ്‌സ്‌ സ്വന്തമാക്കിയത്.

ഇപ്പോള്‍ പഞ്ചാബിന്റെ വിജയത്തില്‍ കാര്യമായ സംഭാവന നല്‍കിയ വധേരയെ ഒഴിവാക്കിയതില്‍ മുംബൈ ഇന്ത്യന്‍സിനെ ട്രോളുകയാണ് ആരാധകര്‍. താരത്തെ നിലനിര്‍ത്താതെ ഒഴിവാക്കിയത് മണ്ടത്തരമായി പോയെന്നാണ് മിക്കവരും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നത്. മുംബൈ ഒഴിവാക്കിയ നേഹാല്‍ വധേരയെ 4.20 കോടിക്കാണ് പഞ്ചാബ് തങ്ങളുടെ ടീമിലെത്തിച്ചത്. 24 കാരനായ ഇടംകയ്യന്‍ ബാറ്ററുടെ പഞ്ചാബിനായുളള ഈ വര്‍ഷത്തെ ആദ്യ മത്സരമായിരുന്നു ഇന്നലെ ലഖ്‌നൗവിനെതിരെ നടന്നത്.

തന്നില്‍ വിശ്വാസമര്‍പ്പിച്ച ടീമിനായി ആദ്യ മത്സരത്തില്‍ തന്നെ വധേര തിളങ്ങി. 25 ബോളില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 43 റണ്‍സാണ് താരം ലഖ്‌നൗവിനെതിരെ നേടിയത്. പ്രഭ്‌സിമ്രാന്‍ പുറത്തായതിന് പിന്നാലെ പഞ്ചാബിന് ജയിക്കാന്‍ 60 റണ്‍സോളം വേണ്ട സമയത്താണ് നേഹാല്‍ വധേര ക്രീസിലെത്തിയത്. തുടര്‍ന്ന് നായകന്‍ ശ്രേയസ് അയ്യരുമായി പുറത്താവാതെ 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി പഞ്ചാബിനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു വധേര.

Read more