മലയാളം ഇന്നുവരെ കണ്ടതില്‍ വച്ചേറ്റവും വലിയ സിനിമ ആയാണ് എമ്പുരാന് എത്തുന്നത്. ഏറ്റവും വലിയ ഹൈപ്പില്‍ നില്ക്കുന്ന പടത്തിന്റെ റിലീസ് അനൗണ്‍സ്മെന്റ് പോസ്റ്ററിലെ ഫസ്റ്റ് ഗ്ലാന്‍സില്‍ നായകനില്ല, പകരം മറ്റേതോ ഒരു നടന്റെ ബാക്ക് ഷോട്ട് മാത്രമാണുള്ളത്. പോസ്റ്ററിലേക്ക് അല്‍പ്പം കൂടി സൂക്ഷിച്ച് നോക്കിയാല്‍ മോഹന്‍ലാലിന്റെ നിഴലും കാണാനാകും. എന്നാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന നടന് ആരാണ് എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.
ഇത് ഫഹദ് ഫാസില്‍ ആകാം എന്ന അഭിപ്രായങ്ങളാണ് കൂടുതലായും ഉയരുന്നത്. സൂര്യ, രാഘവ ലോറന്‍സ്, പ്രണവ് മോഹന്‍ലാല്‍ എന്നിങ്ങനെയുള്ള താരങ്ങളുടെ പേരുകളും ആരാധകര്‍ പ്രവചിച്ചു കൊണ്ടിരിക്കുന്നുണ്ട്. വെള്ള വസ്ത്രം അണിഞ്ഞു നില്ക്കുന്ന വ്യക്തിയുടെ ഷര്‍ട്ടിന് പിന്നില്‍ ഒരു ഡ്രാഗണിന്റെ ചിഹ്നവും കാണാം. ജപ്പാനിലെ ക്രൈം സിന്‍ഡിക്കേറ്റ് ആയ യക്കൂസ ഗ്യാങിനെ സൂചിപ്പിക്കുന്നതാണ് ഈ ഡ്രാഗണ്‍ ചിഹ്നം എന്നാണ് ഒരു വ്യാഖ്യാനം. എമ്പുരാനില്‍ ഖുറേഷി എബ്രഹാമുമായി ഏറ്റുമുട്ടുന്ന വില്ലന്‍ യക്കൂസ ഗ്യാങിലുള്ള ഒരാള്‍ ആയിരിക്കാമെന്നാണ് ആരാധകരുടെ അഭ്യൂഹം. കൊറിയന്‍ ലാലേട്ടന് എന്ന് മലയാളികള്‍ വിശേഷിപ്പിക്കുന്ന സൗത്ത് കൊറിയന്‍ നടന് ഡോണ്‍ ലീ ചിത്രത്തില്‍ എത്തിയേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഈ പോസ്റ്ററിന് പിന്നാലെ അത്തരം ചര്‍ച്ചകള്‍ വീണ്ടും സജീവമായിട്ടുണ്ട്.
ഇന്റര്‍നാഷണല്‍ ലെവലില്‍ പാന്‍ വേള്‍ഡ് ചിത്രമായാണ് എമ്പുരാന് ഒരുക്കുക എന്ന് പൃഥ്വിരാജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ വിദേശ താരങ്ങള്‍ എത്താനുള്ള സാധ്യതയെ കുറിച്ചാണ് ആരാധകരുടെ ചര്‍ച്ചകള്‍. അമേരിക്കന്‍ ക്രൈം ഡ്രാമയായ ‘ബ്രെയ്ക്കിങ് ബാഡി’ലെ ജിയങ്കാലോ എസ്പാസീറ്റോ അവതരിപ്പിച്ച ഗുസ്താവോ എന്ന കഥാപാത്രത്തെയാണ് പൃഥ്വി പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലമായിരിക്കാം എന്ന് പറയുന്നവരുമുണ്ട്.
എന്തായാലും എമ്പുരാന് റിലീസ് തിയതി പ്രഖ്യാപിച്ചതോടെ ആരാധകരും ആവേശത്തിലാണ്. 2025 മാര്‍ച്ച് 27ന് ആണ് അഞ്ച് ഭാഷകളിലായി സിനിമ ആഗോള തലത്തില്‍ റിലീസ് ചെയ്യുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എമ്പുരാന് എത്തും. എന്നാല്‍ എമ്പുരാന്റെ ചിത്രീകരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല എന്നാണ് വിവരം. നിലവില്‍ കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ഗുജറാത്ത്, ഹൈദരാബാദ്, തിരുവനന്തപുരം, വണ്ടിപ്പെരിയാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് കൊച്ചിയിലേക്ക് എത്തിയത്. ഇന്ത്യയിലെ ചിത്രീകരണത്തിന് ശേഷം മൊറോക്കോ അടക്കമുള്ള രാജ്യങ്ങളില്‍ കൂടി ഷൂട്ടിംഗ് നടക്കും.
എമ്പുരാനില്‍ സയീദ് മസൂദ് എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്നതിന് പുറമേ, സിനിമയിലൂടെ പൃഥ്വിരാജ് സംവിധായകനായി തിരിച്ചെത്തുക കൂടിയാണ്. ലൂസിഫറില്‍ ഉണ്ടായിരുന്നു മിക്ക താരങ്ങളും എമ്പുരാനിലും ഉണ്ടാവും. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്, സായ് കുമാര്‍, ഇന്ദ്രജിത്ത്, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്, അര്ജുന് ദാസ് എന്നിവരും എമ്പുരാന്റെ ഭാഗമാകും. ഒന്നാം ഭാഗമായ ലൂസിഫര്‍ റിലീസ് ചെയ്തത് മാര്‍ച്ച് മാസത്തിലായിരുന്നു. 2019 മാര്‍ച്ച് 28ന് ആയിരുന്നു ‘ലൂസിഫര്‍’ പുറത്തിറങ്ങിയത്. ലൂസിഫര്‍ വന്‍ വിജയമായതോടെയാണ് രണ്ടാം ഭാഗമായ എമ്പുരാന് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. 2019 മുതലുള്ള സിനിമാപ്രേമികളുടെ കാത്തിരിപ്പാണ് അടുത്ത വര്‍ഷം മാര്‍ച്ചില്‍ അവസാനിക്കാന്‍ പോകുന്നത്.