ടോള്‍ ഫ്രീ നമ്പര്‍ നിയമവിരുദ്ധം; ഫെഫ്കയ്‌ക്കെതിരെ പരാതിയുമായി ഫിലിം ചേംബര്‍

‘ഫെഫ്ക’ സംഘടനയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാരിനും വനിത കമ്മീഷനും പരാതി നല്‍കി ഫിലിം ചേംബര്‍. സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ഫെഫ്ക ഏര്‍പ്പെടുത്തിയ ടോള്‍ ഫ്രീ നമ്പര്‍ നിയമവിരുദ്ധമാണ് എന്നാണ് പരാതിയില്‍ പറയുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി അറിയിക്കാന്‍ ചലച്ചിത്ര അണിയറ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ടോള്‍ ഫ്രീ നമ്പര്‍ പുറത്തിറക്കിയത്. ഈ പരിഹാര സെല്‍ സ്ത്രീകള്‍ ആകും കൈകാര്യം ചെയ്യുകയെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും ഫെഫ്ക അറിച്ചിരുന്നു.

എന്നാല്‍ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി കമ്മിറ്റികളിലാണ് പരാതികള്‍ ഉന്നയിക്കേണ്ടത്. ഐസിസി നടപടി പരിശോധിക്കാന്‍ മോണിറ്ററിങ് കമ്മറ്റിയുണ്ട്. അതിനിടയില്‍ ഫെഫ്കയുടെ നടപടി നിയമ വിരുദ്ധമാണ് എന്നാണ് ഫിലിം ചേംബര്‍ പറയുന്നത്.

ഫെഫ്കയ്‌ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ പറയുന്നുണ്ട്. അതേസമയം, 8590599946 എന്ന നമ്പര്‍ ആയിരുന്നു ഫെഫ്ക നല്‍കിയത്. പരാതി ഗുരുതര സ്വഭാവം ഉള്ളത് എങ്കില്‍ സംഘടനാ തന്നെ നിയമ നടപടി സ്വീകരിക്കും. ചൊവ്വാഴ്ച ഉച്ചയോടെ നമ്പര്‍ ആക്റ്റീവ് ആകും എന്നായിരുന്നു ഫെഫ്ക അറിയിച്ചത്.

Read more