ഓപ്പണിംഗ് ഷോ കളറാക്കാന്‍ വിജയ്; വിക്രവാണ്ടിയില്‍ പടുകൂറ്റന്‍ വേദി, മദ്യപിച്ചെത്തുന്നവര്‍ക്ക് വിലക്ക്, ടിവികെയുടെ ആദ്യ സമ്മേളനം ഇന്ന്

തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദളപതി വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്. വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്ത് ആണ് ഇന്ന് നാല് മണിക്ക് സമ്മേളനം നടക്കുക. പാര്‍ട്ടിയുടെ നയവും പ്രത്യയശാസ്ത്രവുമൊക്കെ വിജയ് ഇന്ന് പ്രഖ്യാപിക്കും.

110 അടി ഉയരമുള്ള കൊടിമരത്തില്‍ ചുവപ്പും മഞ്ഞയും കലര്‍ന്ന പാര്‍ട്ടി പതാക റിമോട്ട് ഉപയോഗിച്ച് വിജയ് ഉയര്‍ത്തും. 600 മീറ്ററോളമുള്ള റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് വിജയ് വേദിയിലെത്തുക. അരലക്ഷം പേര്‍ക്ക് ഇരിക്കാനുള്ള കസേരകള്‍ തയാറാക്കിയിട്ടുണ്ട്.

മറ്റുള്ളവര്‍ക്കായി കൂറ്റന്‍ വീഡിയോ വാളുകളുമുണ്ട്. വിജയ്ക്കും മറ്റു വിശിഷ്ടാതിഥികള്‍ക്കുമായി 5 കാരവാനുകളും ഒരുക്കിയിട്ടുണ്ട്. അയ്യായിരത്തിലധികം പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. മദ്യപിച്ചെത്തുന്നവരെ സമ്മേളന സ്ഥലത്തേക്ക് പ്രവേശിപ്പിക്കില്ല.

റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും വിജയ് തന്റെ അണികളോട് ആഹ്വാനം ചെയ്തിരുന്നു. അതേസമയം, കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആരാധകരും സമ്മേളനത്തിനെത്തും.

വിക്രവാണ്ടി, വിഴുപുരം, കൂടേരിപ്പാട്ട് എന്നീ സ്ഥലങ്ങളിലെ നാല്‍പ്പതിലധികം ഹോട്ടലുകളില്‍ 20 ദിവസം മുമ്പ് തന്നെ പലരും മുറികള്‍ ബുക്ക് ചെയ്തിരുന്നു. ചെന്നൈയില്‍ നിന്നുള്ള ചിലര്‍ സൈക്കിളില്‍ സമ്മേളനത്തിന് എത്തുന്നുണ്ട്.