പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

ഇന്നത്തെ സിനിമകള്‍ എല്ലാം മൂല്യരഹിതമാണെന്ന് മുന്‍മന്ത്രി ജി സുധാകരന്‍. ഇന്നത്തെ സിനിമകളൊന്നും നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കുന്നില്ല. സിനിമാ താരങ്ങളുടെ അമിത നാട്യവും അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതമായാണ് നടക്കുന്നത്. ഇപ്പോഴത്തെ സിനിമകള്‍ മദ്യപാനം ആഘോഷമാക്കുന്നു എന്നാണ് ജി സുധാകരന്‍ പറയുന്നത്.

ഇന്നത്തെ സിനിമകള്‍ എല്ലാം മൂല്യരഹിതമായാണ് നടക്കുന്നത്. മൂല്യാധിഷ്ഠിതമായ ഒന്നും അവയില്‍ ഇല്ല. മൂല്യമുള്ള സിനിമകളൊന്നും ഇപ്പോള്‍ ഇറങ്ങുന്നുമില്ല. ഒന്നാന്തരം സിനിമകള്‍ ഇറങ്ങിയ നാടായിരുന്നല്ലോ കേരളം. അസുരവിത്തും, ഭാര്‍ഗവീനിലയവും, കബനി നദി ചുവന്നപ്പോള്‍ പോലുള്ള സിനിമകള്‍ ഇപ്പോഴുണ്ടോ?

എല്ലാ സിനിമയും തുടങ്ങുന്നത് വെള്ളമടിയോട് കൂടിയാണ്. മദ്യപാനം ഒരു സാധാരണ ജീവിത ക്രമമാക്കി മാറ്റിയിരിക്കുകയാണ്. നമ്മുടെ ചെറുപ്പക്കാര്‍ മദ്യപിക്കുമ്പോള്‍ അവരെ എന്തിനാണ് പൊലീസ് പിടിക്കുന്നത്? ഈ സിനിമാ നടന്മാരെ പിടിച്ചുകൂടേ? വെള്ളമടിച്ച് തുടങ്ങുന്ന ഈ സിനിമകള്‍ക്കൊക്കെ എന്തിനാണ് അംഗീകാരം കൊടുക്കുന്നത്?

യൂറോപ്യന്‍ സിനിമകളില്‍ എവിടെയെങ്കിലും മദ്യപാനം ആഘോഷിക്കുന്നതായി നിങ്ങള്‍ കണ്ടിട്ടുണ്ടോ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന ഒരു സമൂഹം വളര്‍ന്നു വരികയാണ്. അഭിപ്രായം പറയാന്‍ പാടില്ല. കൂട്ടായി ഒരു തെറ്റ് പറഞ്ഞാലും തെറ്റാണെന്ന് പറയാന്‍ പാടില്ല. ആ തെറ്റ തന്നെ ശരിയായി പൊക്കോണ്ടിരിക്കും. അതിനിശിതമായ സാമൂഹ്യ വിമര്‍ശനത്തിലൂടെയല്ലാതെ ഈ കേരളം നന്നാകാന്‍ പോകുന്നില്ല എന്നാണ് ജി സുധാകരന്‍ പറയുന്നത്.