ജിപിക്ക് ജീവിതസഖിയായി ഗോപിക; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ഗോവിന്ദ് പത്മസൂര്യ

നടനും ടെലിവിഷൻ അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ വിവാഹിതനാവുന്നു. ടെലിവിഷൻ അവതാരികയും സീരിയൽ താരവുമായ ഗോപിക അനിലാണ് വധു.

ഗോവിന്ദ് പത്മസൂര്യ തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഗോവിന്ദ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

govind-padmasoorya-gopika-anil-engagement-2

“ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേർത്തുപിടിച്ചിട്ടുള്ളത്” ഗോവിന്ദ് കുറിച്ചു.

അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തിരുന്നത്. അടുത്ത വർഷമായിരിക്കും വിവാഹം എന്നാണ് അറിയാൻ കഴിഞ്ഞത്.