സിനിമാക്കഥകളേക്കാള്‍ വെല്ലുന്ന ട്വിസ്റ്റുകള്‍ നിറഞ്ഞ ജീവിതം. തമിഴ്‌നാട്-കര്‍ണ്ണാടക അതിര്‍ത്തിയിലേയ്ക്ക് കുടിയേറിയ ഒരു മറാത്താ കുടുംബാംഗം. എടുത്താല്‍ പൊങ്ങാത്ത ജീവിത പ്രാരാബ്ധം മൂലം, പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. മദ്രാസിലും, ബാംഗ്ലൂരിലും വിവിധ ജോലികള്‍ ചെയ്തു. കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിലെ കണ്ടക്ടറായ ശിവാജി നാടകങ്ങളില്‍ അഭിനയിച്ചാണ് അഭിനയത്തോടുള്ള ലഹരി നിലനിര്‍ത്തിയത്. അക്കാലത്ത് അതേ ബസിലെ ഡ്രൈവറായിരുന്ന രാജ് ബഹാദൂര്‍ എന്ന സുഹൃത്ത് ശിവാജിയിലെ നടനെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു.
ശിവാജിയുടെ സഹോദരന്‍ സത്യനാരായണ റാവുവും അയാളിലെ നടന് വളരാന്‍ വേണ്ട പ്രോത്സാഹനം നല്‍കി. ആയിടയ്ക്കാണ് ഒരു മെഡിക്കല്‍ സ്റ്റുഡന്റ് ആയിരുന്ന നിര്‍മ്മല എന്ന പെണ്‍കുട്ടി അയാള്‍ക്ക് പ്രിയപ്പെട്ടവളാവുന്നത്. ശിവാജിയുടെ ഒരു നാടകം കണ്ട നിര്‍മ്മല അയാളിലെ നടനെ പ്രോത്സാഹിപ്പിച്ചു. അയാള്‍ക്ക് അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം നേടാന്‍ അപേക്ഷ തയ്യാറാക്കി നല്‍കിയത് അവളായിരുന്നു. അവിടെ തുടങ്ങിയ യാത്ര അയാളെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തില്‍ എത്തിച്ചു. ഇന്ന് തമിഴര്‍ക്ക് തലൈവര്‍ എന്നാല്‍ ഒരാള്‍ മാത്രമേയുള്ളു, രജനികാന്ത്.
കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത്, 1975 ആഗസ്റ്റ് 18ന് റിലീസായ ‘അപൂര്‍വരാഗങ്ങള്‍’ എന്ന സിനിമയിലൂടെ ആയിരുന്നു ശിവാജി റാവു ഗേക്വാദ് തമിഴരുടെ രജനികാന്തായി അരങ്ങേറ്റം കുറിച്ചത്. പേരില്‍ ശിവാജി ഗണേശനുമായുള്ള സാമ്യം ഒഴിവാക്കാനായാണ് തന്റെ ഒരു സിനിമയിലെ കഥാപാത്രത്തിന്റെ പേര് ബാലചന്ദ്രര്‍ താരത്തിന് നല്‍കിയത്. അങ്ങനെ ശിവാജി രജനികാന്ത് ആയി മാറി. ആരും അനുകരിക്കാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ ആരെക്കൊണ്ടും അനുകരിക്കാന്‍ കഴിയാത്ത സ്‌റ്റൈല്‍ കണ്ടു തന്നെയാണ് ഈ താരത്തെ ആരാധകര്‍ സ്‌റ്റൈല്‍ മന്നന്‍ എന്നു വിളിച്ചത്. ശിവാജി റാവുവില്‍ നിന്ന് രജനികാന്തിലേക്കും സ്‌റ്റൈല്‍ മന്നനിലേക്കും തലൈവറിലേക്കുമുള്ള യാത്ര വളരെ പെട്ടെന്ന് ആയിരുന്നു.
ആദ്യ കാലത്ത്, വില്ലന്‍ വേഷങ്ങള്‍ ആയിരുന്നുവെങ്കില്‍ പിന്നീട്, നായകവേഷങ്ങള്‍ പതിവായി. തമിഴ് സിനിമയില്‍ പുതിയ തരംഗമായി രജനി ആസ്വാദകരുടെ സിരകളില്‍ കത്തിക്കയറി. രജനിയുടെ ചലനങ്ങളും, ഭാവങ്ങളും യുവാക്കള്‍ക്ക് ഹരമായി. അരങ്ങേറ്റം കുറിച്ച ആദ്യ നാല് വര്‍ഷങ്ങളില്‍ നാല് ഭാഷകളിലായി 50 ഓളം സിനിമകളിലാണ് രജനികാന്ത് അഭിനയിച്ചത്. ‘നാന്‍ സിഗപ്പുമണിതന്‍’, ‘പഠിക്കാത്തവന്‍’, ‘വേലക്കാരന്‍’, ‘ധര്‍മ്മത്തിന്‍ തലൈവന്‍’, ‘നല്ലവനുക്ക് നല്ലവന്‍’ എന്നിവയായിരുന്നു ഇക്കാലത്തെ രജനിയുടെ ഹിറ്റ് സിനിമകള്‍. 1988ല്‍ അമേരിക്കന്‍ സിനിമയായ ബ്ലഡ്‌സ്റ്റോണില്‍ ഇന്ത്യന്‍ ടാക്സി ഡ്രൈവറായും രജനി അഭിനയിച്ചു. 1978ല്‍ ഐവി ശശി സംവിധാനം ചെയ്്ത അലാവുദ്ദീനും അത്ഭുതവിളക്കും എന്ന മലയാള സിനിമയിലും രജനി അഭിനയിച്ചിട്ടുണ്ട്. മണിരത്‌നത്തിന്റെ ദളപതിയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു.
വെറുതേ നടക്കുന്നതും, ഒരു സിഗരറ്റ് വലിയ്ക്കുന്നതും, തന്റെ വിരല്‍ ചൂണ്ടുന്നതു പോലും അയാളെ ‘സ്‌റ്റൈല്‍ ഐക്കണ്‍’ ആക്കിമാറ്റി. രജനികാന്ത് എന്ന ബ്രാന്‍ഡ് ജനിച്ചത് അങ്ങനെയൊക്കെയായിരുന്നു. ആക്ഷനുകളും സംഭാഷണങ്ങളും.. എല്ലായിടത്തുമുണ്ട് ആ രജനി ടച്ച്. ‘നട്പ് ന്നാ എന്നാ ന്ന് തെരിയുമാ ദേവാ?’ ദളപതിയില്‍ ഇങ്ങനെ ചോദിച്ച രജനി സൗഹൃദങ്ങളെ ജീവിതത്തിലും തന്നോട് ചേര്‍ത്ത് പിടിച്ചു. ഗുരുനാഥന്‍ കെ.ബാലചന്ദറിനും മണിരത്‌നത്തിനും ഒപ്പം ചേര്‍ന്ന് മികച്ച സിനിമകള്‍ അയാള്‍ സൃഷ്ടിച്ചു.
തൊണ്ണൂറുകളില്‍ ‘മന്നന്‍’, ‘പടയപ്പ’, ‘മുത്തു’, ‘ബാഷ’ തുടങ്ങിയ സിനിമകള്‍ ആരാധകര്‍ക്ക് ഉത്സവമായി. ഇവിടെ രജനിയുടെ താര പരിവേഷം ക്രമേണ വാനോളം ഉയരുകയായിരുന്നു. 1993-ല്‍ ‘വള്ളി’ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയ രജനി താന്‍ ചലച്ചിത്ര രംഗം വിടുകയാണെന്ന് വാര്‍ത്താ സമ്മേളത്തില്‍ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. 1995-ല്‍ പുറത്തിറങ്ങിയ രജനി ചിത്രമായ ‘മുത്തു’ ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന ഖ്യാതി നേടി. ഈ ഒറ്റ സിനിമയോടെ രജനി ജപ്പാനില്‍ ജനപ്രിയനായി. എങ്കിലും ബോക്സോഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാതിരുന്നതു മൂലം മുത്തു വിതരണക്കാരന് നഷ്ടമുണ്ടാക്കി. വിതരണക്കാരന് നഷ്ടപരിഹാരം നല്‍കിക്കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്നെ ശ്രദ്ധേയമായ മാതൃക കാട്ടാന്‍ രജനി തയാറായി.
Read more
72ാം വയസിലും സിനിമയില്‍ സജീവമാണ് രജനികാന്ത്. നെല്‍സന്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ ആണ് രജനി വേഷമിടുന്ന ഏറ്റവും പുതിയ സിനിമ. മാത്രമല്ല മകള്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാല്‍ സലാം’ എന്ന സിനിമയില്‍ കാമിയോ റോളിലും രജനി എത്തും. സ്‌റ്റൈല്‍ മന്നന് സൗത്ത് ലൈവിന്റെ ജന്മദിനാശംസകള്‍.