'പരസ്യ പ്രസ്താവനകള്‍ പാടില്ല'; ബിജെപിയിലെ തര്‍ക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം, ചർച്ച നടത്തും

ബിജെപിയിൽ ഉയരുന്ന തര്‍ക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം. പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് കേന്ദ്രം നിർദേശം നൽകി. പ്രശ്ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തും. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാലക്കാട് ബിജെപിയിലും സംസ്ഥാന നേതാക്കള്‍ക്കിടയിലുമുണ്ടായ തര്‍ക്കത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ.

അതേസമയം 2024 ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിച്ച് റിപ്പോർട്ട് നൽകാൻ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നിർദേശം നൽകിയിരുന്നു. ഉപതെരഞ്ഞെടുപ്പുകൾ നടന്ന പാലക്കാട്, തൃശൂർ, വയനാട് ജില്ലാ പ്രസിഡന്റ്മാർ പരാജയ കാരണവും മണ്ഡലങ്ങളിലെ സാഹചര്യവും പഠിച്ച് റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശം. അതിന് ശേഷമേ വിശദമായ ചർച്ച ഉണ്ടാകു എന്നാണ് ബിജെപി നേതൃയോഗത്തിൽ എടുത്ത തീരുമാനം.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം 7, 8 തീയതികളിൽ ചേരുന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് പരാജയം വിശദമായി ചർച്ച ചെയ്യും. ഡിസംബർ 7, 8 തീയതികളിൽ ചേരുന്ന യോഗത്തിൽ കേന്ദ്ര പ്രഭാരി പ്രകാശ് ജാവദേക്കറും പങ്കെടുക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ റിപ്പോർട്ട് കിട്ടിയതിന് ശേഷം മതിയെന്നായിരുന്നു ബിജെപി നേതൃയോഗത്തിൽ കെ സുരേന്ദ്രൻ എടുത്ത നിലപാട്.