മോഹന്‍ലാലിന് സ്റ്റണ്ട് ഒരുക്കാന്‍ 'അവഞ്ചേഴ്സ്' സ്റ്റണ്ട് കൊറിയോഗ്രാഫര്‍; ജീത്തു ജോസഫ് ചിത്രം യു.കെയില്‍ ഒരുങ്ങുന്നു

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘റാം’ സിനിമയുടെ ഷൂട്ടിംഗ് യുകെയില്‍ പുരോഗമിക്കുന്നു. വലിയ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ സ്റ്റണ്ട് സീനുകള്‍ ഒരുക്കുന്നത് പ്രശസ്ത ഹോളിവുഡ് കൊറിയോഗ്രാഫര്‍ പീറ്റര്‍ പെഡ്രേറോ ആണ്.

‘അവഞ്ചേഴ്‌സ്: ഏജ് ഓഫ് അള്‍ട്രോണ്‍’, ‘മര്‍ഡര്‍ ഓണ്‍ ദി ഓറിയന്റ് എക്‌സ്പ്രസ്’, ‘ദി ഹിറ്റ്മാന്‍സ് ബോഡിഗാര്‍ഡ്’ എന്നീ സിനിമകളുടെ സ്റ്റണ്ട് കൊറിയോഗ്രാഫറാണ് പീറ്റര്‍. കാര്‍ സ്റ്റണ്ട് സീനുകള്‍ ഒരുക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് പുറത്തു വന്നിരിക്കുന്നത്.

കോവിഡ് പ്രതിസന്ധിക്കിടെ ഷൂട്ടിംഗ് മുടങ്ങിയ ചിത്രമായിരുന്നു റാം. സിനിമ രണ്ട് ഭാഗങ്ങളിലായിരിക്കും ഒരുങ്ങുക എന്ന് അഭ്യൂഹങ്ങളുണ്ട്. ഒന്നിലധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നതിനാല്‍ ഒരു വലിയ പാന്‍ ഇന്ത്യന്‍ താരം സിനിമയുടെ ഭാഗമാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

May be an image of 1 person, beard, standing and outdoors

സതീഷ് കുറുപ്പാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുക. ഇന്ദ്രജിത്ത്, സായ്കുമാര്‍, ദുര്‍ഗ കൃഷ്ണ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും. ദൃശ്യം 2, ട്വല്‍ത്ത് മാന്‍ എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സിനിമ കൂടിയാണ് റാം.