യുദ്ധത്തിനിടെ കുതിര ചത്തു; പൊന്നിയിന്‍ സെല്‍വന്‍ ചിത്രീകരണത്തില്‍ പ്രതിസന്ധി, സിനിമയ്‌ക്ക് എതിരെ കേസ്

മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ഷൂട്ടിംഗില്‍ പ്രതിസന്ധി. മധ്യപ്രദേശില്‍ ചിത്രീകരണത്തിനിടെ തലകള്‍ കൂട്ടിയിടിച്ച് കുതിര ചത്ത സംഭവത്തില്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസിന്റെ മാനേജ്‌മെന്റിനെതിരെയും കുതിരയുടെ ഉടമയ്‌ക്കെതിരെയും 1960ലെ പിസിഎ ആക്ട് സെക്ഷന്‍ 11, ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 1860 ലെ സെക്ഷന്‍ 429 എന്നിവ പ്രകാരം റച്ചക്കൊണ്ടയിലെ അബ്ദുള്ളപൂര്‍മെറ്റ് പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് ക്ഷീണമുണ്ടായ കുതിരയെ ചിത്രീകരണത്തിനായി ഉപയോഗിക്കാന്‍ ഉടമ അനുവാദം നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജറി ഉപയോഗിച്ച് ചിത്രീകരണം നടത്തുന്ന കാലത്ത് ക്ഷീണിതരായ കുതിരകളെ യുദ്ധത്തില്‍ ഉപയോഗിച്ചതിന് നിര്‍മ്മാണ കമ്പനികള്‍ക്ക് വിശദീകരണം നല്‍കി ഒഴിയാനാകില്ലെന്ന് പെറ്റ് ഇന്ത്യ ചീഫ് അഡ്വക്കസി ഓഫീസര്‍ ഖുശ്ബു ഗുപ്ത പറഞ്ഞു. സംഭവത്തിന്റെ തെളിവായി ഫോട്ടോ/വീഡിയോ നല്‍കുന്നവര്‍ക്ക് പെറ്റ ഇന്ത്യ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.