സംഗീത സംവിധായകൻ ഇളയരാജയുടെ ബയോപിക്കുമായി അരുൺ മാതേശ്വരൻ. ഇളയരാജയായി വെള്ളിത്തിരയിലെത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരം ധനുഷാണ്.ഇന്ന് ചെന്നൈയിൽ വെച്ചു നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ലോഞ്ച്.
ഇളയരാജയുടെ സംഗീത ജീവിതത്തെ ആസ്പദമാക്കി ധനുഷ് ചിത്രം അണിയറയിൽ ഒരുങ്ങുന്നുവെന്ന വാർത്തകൾ നേരത്തെ തന്നെയുണ്ടായിരുന്നു. ഇപ്പോഴിതാ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് അതിന് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരിക്കുകയാണ് ധനുഷ്. ‘ഇളയരാജ’ എന്നുതന്നെയാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ‘ഇളയരാജ’ എത്തുന്നത്. ദി കിങ് ഓഫ് മ്യൂസിക് എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ.
“ഇളയരാജ സാറിന്റെ പാട്ടുകള്‍ കേട്ട് ഉറങ്ങുന്നവരാണ് നമ്മള്. എന്നാല്‍ ഇളയരാജ സാറായി അഭിനയിക്കണമെന്ന് അതിയായി ആഗ്രഹിച്ച് പല രാത്രികളിലും ഉറക്കം നഷ്ടപ്പെട്ട ഒരാളാണ് ഞാന്‍. രണ്ടുപേരുടെ ജീവിചരിത്രമാണ് ഞാന്‍ സിനിമയില്‍ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചത്. അതിലൊരാള്‍ ഇളയരാജ സാറായിരുന്നു. മറ്റൊരാള്‍ സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും. ഒന്നുനടക്കാന്‍ പോകുന്നു. ഞാന്‍ ഇളയരാജ സാറിന്റെ ആരാധകനാണ് ഭക്തനാണ്. ഇത് എല്ലാവര്ക്കും അറിയാം. അഭിനയം അറിയാത്ത കാലം മുതല്‍ ഈ നിമിഷം വരെ അദ്ദേഹത്തിന്റെ ഈണങ്ങളായിരുന്നു വഴികാട്ടി. ഓരോ രംഗങ്ങളും എങ്ങിനെ ചെയ്യണമെന്ന് അത് എനിക്ക് പറഞ്ഞുതരും.
ഞാന്‍ ഏറ്റെടുത്തിരിക്കുന്നത് ഒരു വലിയ വെല്ലുവിളിയാണ്, ഉത്തരവാദിത്തമാണെന്ന് എല്ലാവരും പറയുന്നു. അതെനിക്കറിയില്ല, അദ്ദേഹത്തിന്റെ സംഗീതം എന്നെ മുന്നോട്ട് നടത്തും. എങ്ങിനെ അഭിനയിക്കണമെന്ന് പറഞ്ഞുതരും. ഞാന്‍ ഈ ചടങ്ങ് നടക്കുന്നതിന് മുന്നോടിയായി വേദിയിലേക്ക് വരുന്ന അവസരത്തില്‍ അദ്ദേഹത്തോട് മുന്നില്‍ നടക്കാന്‍ പറഞ്ഞു. ഞാന്‍ പിറകില്‍ നടന്നോളാമെന്നും. അപ്പോള്‍ അദ്ദേഹം ചോദിച്ചു, ”അതെന്താ ഞാന്‍ നിന്റെ ഗൈഡ് ആണോ” എന്ന്. അതെ സാര്‍ താങ്കള്‍ എന്റെ ഗൈഡാണ്. അമ്മയുടെ ഗര്‍ഭപാത്രത്തിലിരുന്ന കാലം മുതല്‍ ഇപ്പോള്‍ വരെ ഇളയാരാജ സാര്‍ കൂടെയുണ്ട്. ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരമാണ് എനിക്ക് ലഭിച്ച അവസരം.” എന്നാണ് ചിത്രത്തിന്റെ പ്രഖ്യാപനത്തിന്റെ ധനുഷ് പറഞ്ഞത്.
‘റോക്കി’, ‘സാനി കായിധം’, ‘ക്യാപ്റ്റൻ മില്ലർ’ എന്നീ മൂന്ന് സിനിമകൾ കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത സംവിധായകനാണ് അരുൺ മാതേശ്വരൻ. മൂന്ന് സിനിമകളും വയലൻസിന്റെ അതിപ്രസരണം കൊണ്ട് ശ്രദ്ധേയമായിരുന്നു. മാത്രമല്ല, മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് മൂന്ന് ചിത്രത്തിനും കിട്ടിയത്.
Honoured @ilaiyaraaja sir 🙏🙏🙏 pic.twitter.com/UvMnWRuh9X
— Dhanush (@dhanushkraja) March 20, 2024
അതുകൊണ്ട് തന്നെ ഇന്ത്യൻ സംഗീതലോകത്തെ പ്രതിഭയായ ഇളയരാജയുടെ ബയോപ്പിക്കുമായി അരുൺ മാതേശ്വരൻ എത്തുമ്പോൾ വലിയ പ്രതീക്ഷയിലും കൗതുകത്തോടും കൂടിയാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്.