ഓട്ടമെന്ന് പറഞ്ഞാല്‍ ഇജ്ജാതി ഓട്ടം; ജല്ലിക്കട്ട് സ്‌നീക്ക് പീക്ക് വീഡിയോ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ഇതിനോകം തന്നെ ചൂടുള്ള ചര്‍ച്ചകള്‍ക്ക് വിഷയമായി കഴിഞ്ഞു. മലയാള സിനിമയുടെ കാഴ്ച ശീലങ്ങളെ വെല്ലുവിളിക്കുന്ന ലിജോ എന്ന സംവിധായകന്റെ മറ്റൊരു വലിയ ചുവടുവയ്പ്പാണ് ജല്ലിക്കട്ട്. ചിത്രത്തിന്റെ ദൃശ്യാനുഭവമാണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ പ്രധാനപ്പെട്ട ഒരു കാര്യം. ചടുലമായ ദൃശ്യങ്ങളും, കാടിന്റെയും മനുഷ്യന്റെയും മൃഗത്തിന്റെയും വന്യതയും ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട്. അതിനായി ഗിരീഷ് എടുത്ത പ്രയത്‌നം എത്രത്തോളമെന്ന് കാണിച്ചു തരുന്നതാണ്് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്ന സ്‌നീക്ക് പീക്ക് വീഡിയോ.

പോത്തിന് പിന്നാലെ നടന്‍മാര്‍ ഓടുമ്പോള്‍ അവര്‍ക്ക് പിന്നാലെ അതിവേഗം ക്യാമറയുമായി പായുന്ന ഗിരീഷാണ് വീഡിയോയില്‍. പിന്തുടര്‍ന്ന് ഓടി തന്നെയാണ് ഈ സീനുകള്‍ ചിത്രീകരിച്ചിരിക്കുന്നത്. ചെറിയ ഇടവഴിയും ഏലത്തോട്ടവും താണ്ടി ക്യാമറയും കയ്യില്‍ പിടിച്ചു കൊണ്ട് ഗിരീഷ് ഓടുന്നു. ഈ ഓട്ടം മിനിറ്റുകള്‍ക്ക് ശേഷം പള്ളിയുടെ മുറ്റത്ത് വച്ച് അവസാനിക്കുന്നു. ക്യാമറയും തൂക്കി ഓടിയ ഗിരീഷ് സീന്‍ ചിത്രീകരിച്ച ശേഷം ക്യാമറ സഹായിയെ ഏല്‍പ്പിച്ച് പള്ളിയുടെ വരാന്തയില്‍ വിശ്രമിക്കുന്നതും വിഡിയോയില്‍ കാണാം.

Read more

ഒരു ഗ്രാമത്തില്‍ കയറു പൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തരംഗം ഫെയിം ശാന്തിയാണ് നായിക. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.