'അഭിനയ ജീവിതത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രം'; ജയസൂര്യയുടെ നൂറാം ചിത്രം ആമസോണ്‍ പ്രൈമില്‍, തിയതി പുറത്ത്

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘സണ്ണി’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. സെപ്റ്റംബര്‍ 23ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ജയസൂര്യയുടെ കരിയറിലെ നൂറാമത്തെ ചിത്രണ് സണ്ണി. തന്റെ ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട സണ്ണി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്.

പൂര്‍ണമായി തകര്‍ന്നും നിരാശനുമായ അദ്ദേഹം ആഗോള പകര്‍ച്ചവ്യാധിയുടെ നടുവില്‍ ദുബായില്‍ നിന്ന് കേരളത്തിലേക്ക് എത്തുകയും സമൂഹത്തില്‍ നിന്ന് സ്വയം പിന്‍വലിഞ്ഞ് ഒരിടത്ത് ഒതുങ്ങി കൂടുകയും ചെയ്യുന്നു. ഒരു വൈകാരിക പ്രക്ഷുബ്ധതയില്‍ കുടുങ്ങി, സാവധാനത്തില്‍ സ്വയം നശിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍, സണ്ണി അപരിചിതരായ ചിലരുമായി സൗഹൃദം സ്ഥാപിക്കുകയുമാണ്.

”ഒരു നടനെന്ന നിലയില്‍ ഇത് എന്റെ നൂറാമത്തെ ചിത്രമാണ്, അഭിനയ ജീവിതത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രമായിരിക്കും ഇത്. രഞ്ജിത്തുമായി ചേര്‍ന്ന് നേരത്തെ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും, ഇത് ശരിക്കും സവിശേഷമാണ്. എന്റെ 100-ാമത്തെ ചിത്രം ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്നതിലും 240 രാജ്യങ്ങളിലുടനീളമുള്ള ആഗോള പ്രേക്ഷകരിലേക്ക് എത്തുന്നതിലും ഏറെ സന്തോഷമുണ്ട്” എന്ന് ജയസൂര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത്തും ജയസൂര്യയും ഒന്നിക്കുന്ന ആറാമത്തെ സിനിമ കൂടിയാണിത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സൂ..സൂ..സുധി വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 എന്നിവയാണ് ഇരുവരും ഒന്നിച്ച മറ്റ് സിനിമകള്‍.

Read more