''ദൃശ്യം 3 ആലോചനയില്‍, തുറന്നുപറഞ്ഞ് ജീത്തു ജോസഫ്

ദൃശ്യം മൂന്നാം ഭാഗത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് സംവിധായകന്‍ ജീത്തുജോസഫ്. ഇതേക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍ തന്നോട് സൂചിപ്പിച്ചിരുന്നതായി സംവിധായകന്‍ പറഞ്ഞു. നല്ല ആശയം കിട്ടിയാല്‍ ചിത്രത്തിന്റെ മൂന്നാം ഭാഗം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

”ദൃശ്യം 3 നെക്കുറിച്ച് ആലോചിച്ചു നോക്കാന്‍ ആന്റണി പെരുമ്പാവൂര്‍ സൂചിപ്പിച്ചിരുന്നു. നല്ല ആശയം കിട്ടിയാല്‍ ഉറപ്പായും ചെയ്യും. ത്രില്ലറുകള്‍ മാത്രം ചെയ്താല്‍ മടുപ്പാകും. വ്യത്യസ്തമായ ചില ആശയങ്ങളുണ്ട് ചെയ്തു നോക്കാന്‍. മനോരമ ഓണ്‍ലൈനോടാണ് ജീത്തു ജോസഫിന്റെ പ്രതികരണം..

മോഹന്‍ ലാലിനെ പ്രധാന കഥാപാത്രമാക്കി ജീത്തു സംവിധാനം ചെയ്ത ദൃശ്യം ബോക്സ് ഓഫീസ് കീഴടക്കിയതിന് പിറകെ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തിയിരുന്നു. നിലവില്‍ ആസിഫ് അലി-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കൂമന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ദൃശ്യത്തിനു ശേഷം ജീത്തുവിന്റെ മറ്റൊരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് കൂമന്‍.

പൊലീസ് കോണ്‍സ്റ്റബിള്‍ ഗിരിശങ്കര്‍ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സസ്‌പെന്‍സ് നിറച്ചുള്ള കൂമന്റെ ടീസര്‍ നേരത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഒന്നര മില്യന്‍ കാഴ്ചക്കാരാണ് ടീസര്‍ വീഡിയോ ഇതുവരെ കണ്ടുതീര്‍ത്തത്.

Read more

ആസിഫ് അലിക്ക് പുറമേ അനൂപ് മേനോന്‍, ബാബുരാജ്, രഞ്ജി പണിക്കര്‍, മേഘനാഥന്‍, ഹന്ന റെജി കോശി, ബൈജു സന്തോഷ്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് പറവൂര്‍, പ്രദീപ് പരസ്പരം, നന്ദു ലാല്‍, പൗളി വല്‍സന്‍, കരാട്ടെ കാര്‍ത്തിക്ക്, ജോര്‍ജ് മാര്യന്‍, രമേഷ് തിലക്, ജയന്‍ ചേര്‍ത്തല, ദീപക് പറമ്പോള്‍, റിയാസ് നര്‍മ്മ കലാ, ജയിംസ് ഏല്യ, വിനോദ് ബോസ്, ഉണ്ണി ചിറ്റൂര്‍, സുന്ദര്‍, ഫെമിനാ മേരി, കുര്യാക്കോസ്, മീനാക്ഷി മഹേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അനന്യാ ഫിലിംസ് ആന്റ് മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് കൂമന്‍ നിര്‍മ്മിക്കുന്നത്. മനു പത്മനാഭന്‍, ജയചന്ദ്രന്‍ കല്ലടുത്ത്, എയ്ഞ്ചലീനാ ആന്റണി എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.