തെന്നിന്ത്യൻ ബോക്സ് ഓഫീസ് തൂക്കാൻ വീണ്ടും തമിഴ് സിനിമ; 'ജിഗർതാണ്ട ഡബിൾ എക്സി'ന് മികച്ച പ്രതികരണങ്ങൾ

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് ഇന്ന് പുറത്തിറങ്ങിയ  ‘ജിഗർതാണ്ട ഡബിൾ എക്സ്’. രാഘവ ലോറൻസിന്റെയും എസ്. ജെ സൂര്യയുടെയും മികച്ച പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നാണ് പുറത്തുവരുന്ന ആദ്യ റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ട നടൻ ധനുഷിന്റെ എക്സ് പോസ്റ്റും വലിയ ചർച്ചയായിരുന്നു.
“ജിഗർതണ്ഡ ഡബിള്‍ എക്സ് കണ്ടു. കാർത്തിക് സുബ്ബരാജിൽ നിന്നുള്ള മികച്ച ക്രാഫ്റ്റാണ് ചിത്രം. അതിശയിപ്പിക്കുന്നത് എസ് ജെ സൂര്യയുടെ അസാധാരണ അഭിനയമാണ്. ഒരു പെര്‍ഫോമര്‍ എന്ന നിലയിൽ രാഘവ ലോറൻസ് ഗംഭീരമാക്കി. സന്തോഷ് നാരായൺ മനോഹരമാക്കിയിരിക്കുന്നു. സിനിമയുടെ അവസാന 40 മിനിറ്റ് നിങ്ങളുടെ ഹൃദയം കവർന്നെടുക്കും” എന്നാണ് ധനുഷ് എക്സിൽ കുറിച്ചത്.

ആദ്യ ചിത്രമായ ‘പിസ്സ’ എന്ന ഹൊറർ ത്രില്ലർ സിനിമയിലൂടെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത സംവിധായകനാണ് കാർത്തിക് സുബ്ബരാജ്.

2014 ൽ പുറത്തിറങ്ങിയ ‘ജിഗർതാണ്ട’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടാനും കാർത്തിക് സുബ്ബരാജ് എന്ന സംവിധായകനായി. സിദ്ധാർഥ്, ബോബി സിംഹ, ലക്ഷ്മി മേനോൻ എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ  പ്രധാന താരങ്ങൾ.

അസാൾട്ട് സേതുവിലൂടെ ബോബി സിംഹയും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചത്. ഒൻപത് വർഷങ്ങൾക്ക് ശേഷം ‘ജിഗർതാണ്ട ഡബിൾ എക്സ്’ എന്ന ചിത്രവുമായി കാർത്തിക് സുബ്ബരാജ് വീണ്ടുമെത്തിയപ്പോൾ എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Image

Read more

മലയാളത്തിൽ നിന്നും നിമിഷ സജയനും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.