രേണുകസ്വാമിയെ ആക്രമിച്ചതായി സമ്മതിച്ച് ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ തോഗുദീപ. പോലീസിന് നൽകിയ മൊഴിയിൽ ഇക്കാര്യം സമ്മതിച്ചതായി കൊലക്കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. നടൻ പോലീസിന് നൽകിയ മൊഴിയിൽ കുറ്റസമ്മതം നടത്തിയാതായി കുറ്റപത്രത്തിൽ ഉണ്ട്. നെഞ്ചിലും കഴുത്തിലും തലയിലും അടിച്ചെന്നും നടി പവിത്ര ഗൗഡയോട് ചെരിപ്പുകൊണ്ട് അടിക്കാൻ പോലും ആവശ്യപ്പെട്ടെന്നും ദർശൻ പോലീസിനോട് പറഞ്ഞു.
‘ഞാൻ കാണുമ്പോഴേക്കും രേണുകസ്വാമി ക്ഷീണിതനായിരുന്നു. ഇതിനകം തന്നെ ആക്രമിക്കപ്പെട്ടതായി തോന്നി. ഞാൻ അവൻ്റെ കഴുത്തിനും നെഞ്ചിനും തലയ്ക്കും സമീപം ചവിട്ടി. കൈകൊണ്ടും മരക്കൊമ്പ് കൊണ്ടും അടിച്ചു. ഞാൻ പവിത്ര ഗൗഡയോട് അവളുടെ ചെരിപ്പുകൊണ്ട് അടിക്കാൻ ആവശ്യപ്പെട്ടു.
കേസിലെ ഒന്നാം പ്രതിയായ പവിത്രയാണ് രേണുകസ്വാമിയുടെ കൊലപാതകത്തിൻ്റെ പ്രധാന കാരണം. മറ്റ് പ്രതികളെ പ്രേരിപ്പിക്കുകയും അവരുമായി ഗൂഢാലോചന നടത്തുകയും കുറ്റകൃത്യത്തിൽ പങ്കാളിയാകുകയും ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞതായും പോലീസ് വൃത്തങ്ങൾ പറഞ്ഞു.
നടൻ ദർശന്റെ ആരാധകനായ രേണുകാസ്വാമി ദർശൻ്റെ പെൺസുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീലസന്ദേശങ്ങൾ അയച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കൊല്ലപ്പെട്ട രേണുകാസ്വാമി ഇൻസ്റ്റഗ്രാമിലൂടെ പവിത്ര ഗൗഡയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. നടിയെ അപമാനിക്കുന്നരീതിയിലുള്ള സന്ദേശങ്ങൾക്ക് പുറമേ സ്വന്തം നഗ്നചിത്രങ്ങളും ഇയാൾ നടിക്ക് അയച്ചുനൽകിയിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു.
അശ്ലീലസന്ദേശങ്ങൾക്ക് പുറമേ നഗ്നചിത്രങ്ങൾ അയക്കുന്നതും രേണുകാസ്വാമി പതിവാക്കിയിരുന്നു. ഇതോടെ പൊറുതിമുട്ടിയ നടി പവിത്ര ഗൗഡ തന്റെ സഹായിയും കേസിലെ മറ്റൊരുപ്രതിയുമായ പവനെ വിവരമറിയിച്ചു. തുടർന്ന് ഇയാൾ പവിത്ര ഗൗഡയെന്ന വ്യാജേന രേണുകാസ്വാമിയുമായി ചാറ്റ് ചെയ്തു. ഇതിലൂടെ രേണുകാസ്വാമിയുടെ വിലാസവും മറ്റുവിവരങ്ങളും മനസിലാക്കി. രേണുകാസ്വാമിയുടെ ജോലിസ്ഥലത്തുനിന്ന് ചില ചിത്രങ്ങളെടുത്ത് അയച്ചുനൽകാനും പ്രതി ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടർന്നാണ് നടൻ ദർശനെ വിവരമറിയിച്ച് ദർശൻ്റെ ഫാൻസ് അസോസിയേഷൻ നേതാക്കളുമായി ചേർന്ന് കൊലപാതകം ആസൂത്രണംചെയ്തത്. രേണുകാസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആകെ 65 ഫോട്ടോകളാണ് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതെല്ലാം കേസിലെ നിർണായക തെളിവുകളാണ്.