തിയേറ്ററുകൾ അടക്കിഭരിച്ച ജോർജ് മാർട്ടിന്റെ തേരോട്ടം ഇനി ഒടിടിയിൽ; ഏറ്റെടുത്ത് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം?

അധികം പ്രീ റിലീസ് ഹൈപ്പുകളോ പ്രൊമോഷനുകളോ ഒന്നും തന്നെയില്ലാതെ വന്ന് മികച്ച വിജയം കരസ്ഥമാക്കിയ ചിത്രമാണ് മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്. നവാഗതനായ റോബി വർഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടൊപ്പം ഗംഭീരമായ കളക്ഷൻ റെക്കോർഡുകൾ കൂടിയാണ് കണ്ണൂർ സ്ക്വാഡ് സൃഷ്ടിച്ചത്.

ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഈ മാസം അവസാനത്തോടെ കണ്ണൂർ സ്ക്വാഡ് ഒടിടിയിൽ വരുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഒക്ടോബർ അവസാനിക്കുന്നതോടു കൂടി നാലാഴ്ചത്തെ തിയേറ്റർ റൺ ചിത്രം പൂർത്തിയാക്കും.

അതേ സമയം ഏത് പ്ലാറ്റ്ഫോമിലാണ് ചിത്രം വരുന്നതെന്ന് ഔദ്യോഗിക സ്ഥിതീകരണമായിട്ടില്ല. ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സോണി ലിവ് സ്വന്തമാക്കിയതായി മുന്നേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഡിസ്നി പ്ലസ് ഹോർട് സ്റ്റാറിനാകും കണ്ണൂർ സ്ക്വാഡിന്റെ സ്ട്രീമിം​ഗ് അവകാശം എന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ.

75 കോടി രൂപയാണ് ചിത്രം ഇതുവരെ ആഗോള കളക്ഷനായി ചിത്രം സ്വന്തമാക്കിയത്. ഗ്രേറ്റ് ഫാദർ, വെള്ളം എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു ചിത്രത്തിന്റെ സംവിധായകനായ റോബി വർഗീസ് രാജ്. റോബിയുടെ തന്നെ സഹോദരനായ റോണി ഡേവിഡും മുഹമദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. എ. എസ്. ഐ ജോർജ് മാർട്ടിൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സുഷിൻ ശ്യാമാണ് കണ്ണൂർ സ്ക്വാഡിന് സംഗീതം നൽകിയിരിക്കുന്നത്.