മമ്മൂട്ടിയെ പ്രശംസിച്ച് വെട്രിമാരനും കരണ്‍ ജോഹറും അടക്കമുള്ള സംവിധായകര്‍. ദ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെട്രിമാരന്‍, പാ രഞ്ജിത്, കരണ്‍ ജോഹര്‍, സോയ അക്തര്‍, മഹേഷ് നാരായണന്‍ എന്നീ സംവിധായകര്‍ മമ്മൂട്ടിയുടെ സിനിമാ തിരഞ്ഞെടുപ്പിനെയും അഭിനയത്തെയും കുറിച്ച് സംസാരിച്ചത്.
‘കാതല്‍’ എന്ന സിനിമയെ കുറിച്ചാണ് കരണ്‍ ജോഹര്‍ സംസാരിച്ചത്. ‘ഭ്രമയുഗ’ത്തെ പുകഴ്ത്തിയായിരുന്നു വെട്രിമാരന്റെ വാക്കുകള്‍. കാതല്‍ പോലൊരു ചിത്രത്തില്‍ അഭിനയിക്കുകയും അത് നിര്‍മ്മിക്കുകയും ചെയ്തത് അതിഗംഭീരമാണ് എന്ന് കരണ്‍ ജോഹര്‍ പറഞ്ഞു.
Mammukka getting praises from leading Indian directors for his character selections 🐐 pic.twitter.com/9pdZ4zpSzj
— Friday Matinee (@VRFridayMatinee) September 24, 2024
മമ്മൂട്ടി മറ്റ് അഭിനേതാക്കള്‍ക്ക് വലിയൊരു പ്രചോദനമാണ്. യുവ അഭിനേതാക്കള്‍ക്ക് മാതൃകയാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ ആകാനുള്ള ഒരു ആഗ്രഹം വളര്‍ന്നു വരുന്ന അഭിനേതാക്കളുടെ മനസിലും ഉണ്ടാകുമെന്ന് വെട്രിമാരന്‍ പറഞ്ഞു. ഒരു സൂപ്പര്‍താരം സിനിമയില്‍ ഇങ്ങനെയാകണം എന്നൊക്കെയുള്ള പതിവ് സങ്കല്‍പങ്ങളെ മമ്മൂട്ടി എന്ന താരം പരിഗണിക്കാറില്ല എന്നാണ് മഹേഷ് നാരായണന്റെ അഭിപ്രായം.
താരങ്ങള്‍ ആയി പേരെടുക്കുമ്പോള്‍ അനാവശ്യ ഭാരങ്ങളും സമ്മര്‍ദ്ദങ്ങളും അവര്‍ക്കു മേലുണ്ടാകും. തന്റെ സിനിമ ഇത്ര കോടി കലക്ട് ചെയ്യണം, മാസ് ആകണം എന്നൊക്കെ. പക്ഷേ, മമ്മൂട്ടി അതൊന്നും നോക്കാറില്ല. പടം ചെറുതോ വലുതോ ആകട്ടെ, തന്റെ കഥാപാത്രം എത്രത്തോളം ഭംഗിയായി എഴുതപ്പെട്ടിട്ടുണ്ട് എന്നു മാത്രമാണ് അദ്ദേഹം നോക്കുന്നത്.
അതില്‍ എത്രത്തോളം പുതുമയുണ്ട്. ഇതൊക്കെയാണ് അദ്ദേഹം പരിഗണിക്കുന്നത്. അമിതാഭ് ബച്ചന്റെ അടുത്തേക്ക് ഒരു കഥയുമായി പോകുന്ന പോലെയാണ്. അദ്ദേഹം എല്ലാം ചെയ്തിട്ടുണ്ട്. എന്താണ് ഇനി പുതിയതായുള്ളത്? അതാണ് മമ്മൂട്ടി അന്വേഷിക്കുന്നത്. മുതിര്‍ന്ന ഒരു നടന്‍ ആയിട്ട് പോലും അത്തരത്തിലുള്ള അന്വേഷണത്തിലാണ് അദ്ദേഹം എന്ന് മഹേഷ് നാരായണന്‍ പറഞ്ഞു.