കേശുവിനായി ദാസേട്ടന്റെ ഗാനം, താളം പിടിച്ച് ദിലീപ്; ആദ്യഗാനത്തിന്റെ മേക്കിംഗ് വീഡിയോ

ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ ചിത്രത്തിലെ ആദ്യ ഗാനം വലിയ ശ്രദ്ധ നേടിയിരുന്നു. യേശുദാസ് ആലപിച്ചിരിക്കുന്ന ‘പുന്നാര പൂങ്കാട്ടില്‍’ എന്ന ഗാനം യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി തുടരുമ്പോള്‍ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സുജേഷ് ഹരി ഒരുക്കിയ വരികള്‍ക്ക് സംവിധായകന്‍ തന്നെയാണ് സംഗീതം ഒരുക്കിയത്.

60 വയസുള്ള വ്യക്തിയായാണ് ദിലീപ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. പ്രായമുള്ള ലുക്കിലെത്തിയ ദിലീപിന്റെ ലുക്ക് പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. കേശു എന്നാണ് ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രത്തിന്റെ പേര്. തിരക്കഥ ഒരുക്കുന്നത് സജീവ് പാഴൂര്‍ ആണ്.

രത്‌നമ്മയായി ഉര്‍വശി എത്തുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ നസ്ലിനും ജൂണ്‍ ഫെയിം വൈഷ്ണവിയും ഇരുവരുടെയും മക്കളായി അഭിനയിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരു ഫാമിലി എന്റര്‍ടൈയ്നര്‍ ആയാണ് ചിത്രം ഒരുക്കുന്നത്.

സിദ്ദീഖ്, സലീം കുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, കോട്ടയം നസീര്‍, ഗണപതി, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ് തുടങ്ങിയ വന്‍താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

Read more