എന്നെ മാത്രം ശിക്ഷിക്കുക, കാരണം ഇത് എന്റെ പിഴ, എന്റെ പിഴ, എന്റെ മാത്രം പിഴ; ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ക്ഷണം, ട്രെയിലര്‍

സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ക്ഷണം. ചിത്രം റിലീസിന് ഒരുങ്ങുകയാണ്.ഡിസംബര്‍ 10നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ചലച്ചിത്ര വിദ്യാര്‍ത്ഥികളായ ഒരു സംഘം ഡിപ്ലോമ പ്രൊജക്റ്റിന്റെ ഷൂട്ടിന് ലൊക്കേഷന്‍ തേടി ഒരു മലയോര പ്രദേശത്ത് എത്തുന്നതും അവിടെ അവര്‍ക്ക് കാണാന്‍ കഴിഞ്ഞ വിചിത്ര മനുഷ്യരും അനുഭവങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഗോപി സുന്ദറാണ് ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈനിംഗ് ധനുഷ് നായനാരും ശബ്ദമിശ്രണം വിനോദുംനിര്‍വഹിച്ചിരിക്കുന്നു. ലാല്‍, ഭരത്, അജ്മല്‍ അമീര്‍, ബൈജു സന്തോഷ്, പുതുമുഖം സ്‌നേഹ അജിത്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നടി അനു സിതാരയുടെ സഹോദരി അനു സോനാരയും ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷം അവതരിപ്പിക്കുന്നു.

ദിനേശ് ദഷാന്‍ മൂവി ഫാക്ടറിയുടെ ബാനറില്‍ സുരേഷ് ഉണ്ണിത്താനും റോഷന്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ റെജി തമ്പിയും സംയുക്തമായാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലൈന്‍ സിനിമാസാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.