'ഇതിലെ പൊളിറ്റിക്കല്‍ കറക്ട്‌നസ് എന്താണ്? മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ ആണത്  പറഞ്ഞിരുന്നതെങ്കില്‍ എയറില്‍ കയറ്റി തിരുവാതിര കളിച്ചേനെ'; വിമര്‍ശനം

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ വേദിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മമ്മൂട്ടി മോഹന്‍ലാലിന് ഉമ്മ കൊടുക്കുന്നതും, തിരിച്ചിങ്ങോട്ട് മോഹന്‍ലാല്‍ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്നതുമായ ചിത്രങ്ങളും വീഡിയോയുമാണ് വൈറലായത്.

വനിതാ ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. ‘മലയാളത്തിന്റെ 2 നെടും തുണുകള്‍..’, ‘മലയാളത്തിന്റെ സൗകാര്യ അഹങ്കാരങ്ങള്‍’ തുടങ്ങി നിരവധി വിശേഷണങ്ങളോടെ പലരും ഈ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ അവാര്‍ഡ് വേദിയില്‍ വച്ച് മോഹന്‍ലാലിനെ ചുംബിച്ച ശേഷം മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരിക്കുകയാണ്.

‘കാതല്‍ സിനിമ പോലെ ആണുങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ കൊടുക്കുന്നു’ എന്ന് മമ്മൂട്ടി പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മമ്മൂട്ടിയുടെ വാക്കുകളിലെ പൊളിറ്റിക്കല്‍ കറക്ടനസ് ആണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. സ്വവര്‍ഗപ്രണയത്തെ അഡ്രസ് ചെയ്ത് എത്തിയ സിനിമയാണ് ജിയോ ബേബിയുടെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കാതല്‍.

മാത്യു ദേവസി എന്ന ഗേ കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. പുരോഗമന ചിന്തയോടെ കാതല്‍ എന്ന സിനിമ ചെയ്ത ശേഷം പരിഹസിച്ച് സംസാരിക്കുന്നു എന്ന വിമര്‍ശനങ്ങളാണ് നടനെതിരെ ഉയരുന്നത്. ഇത് മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ ആണ് പറഞ്ഞിരുന്നതെങ്കില്‍ ഒരുപാട് വിമര്‍ശിക്കപ്പെട്ടേനെ എന്നും പലരും പറയുന്നുണ്ട്.

”കാതല്‍ സിനിമ പോലെ ആണും ആണും ഉമ്മ വെച്ചാല്‍ അത് ഗേ ആയി’ *പൊളിറ്റിക്കല്‍ കറക്ട്‌നസ്* ഈ കാര്യത്തില്‍ മമ്മൂട്ടിക്ക് കിട്ടുന്ന പ്രിവിലേജ്, അത് മലയാള നാട്ടില്‍ വേറെ ആര്‍ക്കും കിട്ടില്ല… എന്തിന് പറയുന്നു അടുത്തു നില്‍ക്കുന്ന മോഹന്‍ലാല്‍ ആണ് ഈ കമന്റ് പറഞ്ഞിരുന്നെങ്കില്‍ അയാളെ എയറില്‍ കയറ്റി തിരുവാതിര കളിച്ചേനെ..” എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

അതേസമയം, താരങ്ങള്‍ തമ്മിലുള്ള സ്‌നേഹം ചിത്രങ്ങളിലൂടെ വൈറലായപ്പോഴും മമ്മൂട്ടിയുടെ ഈ വാക്കുകള്‍ പലരും ചര്‍ച്ച ചെയ്തില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.