കുഞ്ചാക്കോ ബോബന്‍-അരവിന്ദ് സ്വാമി ടീമിന്റെ 'ഒറ്റ്' ആരംഭിച്ചു; ചിത്രം ഒരുങ്ങുന്നത് മലയാളത്തിലും തമിഴിലുമായി

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമി ആദ്യമായി ഒന്നിക്കുന്ന “ഒറ്റ്” ചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയില്‍ ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ചിത്രങ്ങള്‍ പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. തീവണ്ടി എന്ന സിനിമയ്ക്ക് ശേഷം പി. ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങുന്നത്.

“രെണ്ടഗം” എന്നാണ് തമിഴില്‍ ചിത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബന്റെ ആദ്യ തമിഴ് ചിത്രം എന്ന പ്രതേകതയും ചിത്രത്തിനുണ്ട്. കൂടാതെ നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരവിന്ദ് സ്വാമി വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വില്ലനായാണ് അരവിന്ദ് സ്വാമി എത്തുക എന്നാണ് റിപ്പോര്‍ട്ട്.

തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തില്‍ നായിക. ദി ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുംബൈ, മാംഗ്ലൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകള്‍. എസ്. സജീവ് ആണ് തിരക്കഥ ഒരുക്കുന്നു.

എ.എച്ച് കാഷിഫ് സംഗീതം ഒരുക്കുന്നു. വിജയ് ആണ് ഛായാഗ്രഹണം. അതേസമയം, 1996ല്‍ പുറത്തിറങ്ങിയ ദേവരാഗം എന്ന ചിത്രത്തിലാണ് അരവിന്ദ് സ്വാമി ഒടുവില്‍ വേഷമിട്ടത്. 1992ല്‍ ഡാഡി എന്ന ചിത്രത്തിലും അരവിന്ദ് വേഷമിട്ടിട്ടുണ്ട്.

Read more