അന്തരിച്ച സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദിന് കോവിഡ് സ്ഥിരീകരിച്ചു. മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചെന്നൈയിലെ ബസന്ത് നഗര്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു. കുടുംബാംഗങ്ങള്‍ക്ക് മാത്രം അവസാനമായി കാണാന്‍ സൗകര്യം ഒരുക്കിയിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു കെ.വി ആനന്ദ് മരിച്ചത്. രണ്ടാഴ്ചകള്‍ക്ക് മുമ്പ് ആനന്ദിന്റെ ഭാര്യക്കും മകള്‍ക്കും കോവിഡ് പൊസിറ്റീവായിരുന്നു. കുടുംബത്തോടൊപ്പം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു ആനന്ദ്.
ശ്വാസതടസ്സവും നെഞ്ചു വേദനയും അനുഭവപ്പെട്ടതോടെ ആനന്ദ് സ്വയം കാറോടിച്ചാണ് ആശുപത്രിയില്‍ എത്തിയത്. തേന്മാവിന്‍ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ കെ.വി ആനന്ദ് അയന്‍, കാപ്പാന്‍, മാട്രാന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്
പ്രിയദര്‍ശന്‍ ചിത്രം തേന്മാവിന്‍ കൊമ്പത്തിലൂടെയാണ് കെ.വി ആനന്ദ് സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയത്. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരവും ഈ ചിത്രത്തിലൂടെ ആനന്ദ് നേടി. തുടര്‍ന്ന് പ്രിയദര്‍ശനൊപ്പം മിന്നാരം, ചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. കാതല്‍ ദേശം ആണ് ആനന്ദ് ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം.
Read more
ശങ്കര്‍ ചിത്രങ്ങളായ മുതല്‍വന്‍, ബോയ്സ്, ശിവാജി തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചു. ജോഷ്, കാക്കി എന്നീ ഹിന്ദി ചിത്രങ്ങളിലും ആനന്ദ് പ്രവര്‍ത്തിച്ചു. 2005ല്‍ പുറത്തിറങ്ങിയ കനാ കണ്ടേന്‍ എന്ന ചിത്രത്തിലൂടെ ആനന്ദ് സംവിധായകന്‍ ആയി. കോ, മാട്രാന്‍, അനേകന്‍, കാവന്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍. മോഹന്‍ലാലും സൂര്യയും ഒന്നിച്ച കാപ്പാന്‍ ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.