‘മാനഗരം’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. ആദ്യ സിനിമ നിരവധി പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നെങ്കിലും ലോകേഷ് കനകരാജ് എന്ന സംവിധായകനെ അധികമാരും ശ്രദ്ധിച്ചിരുന്നില്ല.
പിന്നീട് കാർത്തിയെ നായകനാക്കി ‘കൈതി’ എന്ന സിനിമ സംവിധാനം ചെയ്തതോട് കൂടിയാണ് ലോകേഷ് കനകരാജ് എന്ന പേര് തെന്നിന്ത്യൻ സിനിമയിൽ സുപരിചിതമായി തുടങ്ങിയത്. മാനഗരത്തിൽ കണ്ട ലോകേഷ് കനകരാജ് ആയിരുന്നില്ല പിന്നീട് വന്ന ചിത്രങ്ങളിൽ. വലിയ ബഡ്ജറ്റുകളിൽ മികച്ച കളക്ഷൻ നേടുന്ന സിനിമകൾ പുറത്തിറക്കുകയും തമിഴ് സിനിമ പരമ്പരാഗതമായി നിലനിർത്തി പോന്നിരുന്ന മേക്കിംഗ് ശൈലിയെ മറ്റൊരു രീതിയിൽ അവതരിപ്പിക്കുകയും ചെയ്തതോടു കൂടി ലോകേഷ് കനകരാജ് എന്ന പേര് ഒരു ബ്രാന്റായി മാറിയിരിക്കുകയാണ്.
തന്റെ സിനമയിലെ കഥാപാത്രങ്ങളെയെല്ലാം മുൻനിർത്തി 10 സിനിമകൾ ചേർന്ന ഒരു സിനിമാറ്റിക് യൂണിവേഴ്സ് ആണ് താൻ ലക്ഷ്യമിടുന്നത് എന്ന് ലോകേഷ് കനകരാജ് മുൻപൊരിക്കൽ പറഞ്ഞിരുന്നു. അന്ന് സിനിമ ലോകം അതിനെ വലിയ രീതിയിൽ പരിഗണിച്ചില്ല. കമൽ ഹാസൻ നായകനായയെത്തിയ ‘വിക്രം’ എന്ന സിനിമയിൽ തന്റെ മുൻ ചിത്രമായ ‘കൈതി’യിലെ റഫറൻസുകൾ കൊണ്ടുവന്നതോട് കൂടിയാണ് സിനിമ പ്രേമികൾക്കിടയിൽ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് വളരെയേറെ സ്വീകാര്യത ലഭിച്ചത്.
തന്റെ സിനിമകളിൽ വയലൻസിന്റെ അതിപ്രസരവും ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളുമാണ് കൂടുതലുള്ളത് എന്ന വിമർശനത്തോട് ലോകേഷ് ഒരിക്കലും യോജിക്കുന്നില്ല. എൽ. സി. യു എന്നറിയപ്പെടുന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് എപ്പോഴും ലഹരിക്കെതിരെ നിലകൊള്ളുന്ന ഒന്നാണെന്നാണ് ലോകേഷ് പറയുന്നത്.
“വിമര്‍ശനങ്ങളെ അതിന്റേതായ രീതിയില്‍ എടുക്കാറുണ്ട്. കുറ്റം മാത്രം കണ്ടുപിടിച്ച് പറയുന്നവര്‍ക്ക് വില കൊടുക്കാറില്ല. ആവശ്യമുള്ളവ ഉള്‍ക്കൊണ്ടും അല്ലാത്തവ കാര്യമാക്കാതെയും പോകും. എന്റെ വര്‍ക്കില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. ലോകേഷിന്റെ ചിത്രങ്ങളില്‍ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്നൊക്കെ പറയുന്നതിനോട് യോജിക്കുന്നില്ല. ഞാന്‍ ഒരിക്കലും ലഹരി നല്ലതാണ് എന്ന് പറഞ്ഞിട്ടില്ല. എന്റെ നായകന്മാരൊക്കെ ലഹരിവിമുക്ത നാടിനു വേണ്ടി പരിശ്രമിക്കുന്നവരാണ്. ആ യൂണിവേഴ്സ് അങ്ങനെയാണ്. ലഹരിയുടെ ദൂഷ്യവശങ്ങള്‍ കാണിക്കാതെ എങ്ങനെ അത് വേണ്ട എന്ന് ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കും?” ലോകേഷ് കനകരാജ് ചോദിക്കുന്നു.
കൂടാതെ തന്റെ ചിത്രങ്ങൾ വയലൻസ് ചിത്രങ്ങൾ അല്ലെന്നും ആക്ഷൻ പാഠങ്ങളാണെന്നും ലോകേഷ് പറയുന്നു. നമ്മളില്‍ അധികം പേരും എന്നും ഓര്‍ത്തിരിക്കുന്നത് ആക്ഷന്‍ ഹീറോകളെ ആണല്ലോ. ജീവിതത്തില്‍ വയലന്‍സ് കണ്ടാല്‍ നമ്മളാരും ആസ്വദിക്കാറില്ല.
പക്ഷെ സിനിമയില്‍ അതിനു പശ്ചാത്തലസംഗീതമൊക്കെ ചേര്‍ത്ത് അല്പം അതിശയോക്തി കലര്‍ത്തി അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും. കാരണം, അത് സിനിമയാണെന്നും വിനോദത്തിനാണെന്നുമുള്ള ബോധം അവര്‍ക്കുണ്ട്. എന്റെ ചിത്രത്തില്‍ ആക്ഷനാണ് പ്രാധാന്യം എന്നറിഞ്ഞു വരുന്ന പ്രേക്ഷകരാണ് ഏറെയും. അപ്പോള്‍ അവര്‍ പ്രതീക്ഷിക്കുന്നതും ഇതൊക്കെത്തന്നെയാണ്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ലോകേഷ് കനകരാജ് പറയുന്നു.
എൽസിയുവിൽ വിജയ് ചിത്രമായ ‘ലിയോ’ ഉൾപ്പെടുമോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു കാര്യം. എൽസിയുവിൽ നിന്നുള്ള ആദ്യ ചിത്രമായ കൈതിയുടെ രണ്ടാംഭാഗം കൈതി2, കമൽ ഹാസൻ നായകനായയെത്തിയ വിക്രം സിനിമയുടെ രണ്ടാം ഭാഗമായ വിക്രം 2, വിക്രത്തിലെ സൂര്യയുടെ കഥാപാത്രമായ റോളക്സിനെവെച്ചുള്ള ഒരു സ്പിൻ ഓഫ് ചിത്രം എന്നിവയാണ് ഇതുവരെ ഉറപ്പായ എൽ. സി. യു ചിത്രങ്ങൾ.
Read more
കൂടാതെ രജനികാന്ത് നായകനയെത്തുന്ന ‘തലൈവർ 171’ എന്ന ചിത്രവും എൽ. സി. യു ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടാതെ എൽ. സി. യുവിലെ ഒരു ക്ലൈമാക്സ് ചിത്രവും ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.