ലൈക പ്രൊഡക്ഷന്‍സ് പിന്മാറി? ഇനി 'എമ്പുരാന്റെ' നിര്‍മ്മാണ പങ്കാളിയല്ല; റിലീസ് തിയതിക്ക് മാറ്റമില്ല!

‘എമ്പുരാന്‍’ സിനിമയുടെ നിര്‍മ്മാണ പങ്കാളി സ്ഥാനത്ത് നിന്നും തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് പിന്മാറി. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും സുഭാസ്‌ക്കരന്റെ ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നായിരുന്നു സിനിമയുടെ നിര്‍മ്മാണം. എന്നാല്‍ ലൈക നിര്‍മ്മാണത്തില്‍ നിന്നും പിന്മാറിയതായും, പകരം ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ലൈക്കയുടെ ഷെയര്‍ ഏറ്റെടുക്കും എന്ന റിപ്പോര്‍ട്ടുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ലൈക്കയുടെ പിന്തുണയില്ലാതെ സിനിമ തിയേറ്ററില്‍ എത്തിക്കാനുള്ള ശ്രമം ആശിര്‍വാദ് സിനിമാസ് നേരത്തെ ആരംഭിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഇന്ന് വൈകുന്നേരത്തോട് കൂടി പുറത്തുവരും എന്നാണ് പുതിയ സൂചനകള്‍. മോളിവുഡിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് എമ്പുരാന്‍ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ റിലീസിന് നാളുകള്‍ മാത്രം ശേഷിക്കവെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ എത്തിക്കൊണ്ടിരിക്കുന്നത്.

എന്തിരന്‍, 2.0, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങിയ പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച ലൈക്കയുടെ കേരളത്തിലേക്കുള്ള വരവില്‍ ഏറെ പ്രതീക്ഷകള്‍ നല്‍കിയ ചിത്രമായിരുന്നു എമ്പുരാന്‍. എന്നാല്‍ ലൈക്കയുടെതായി അടുത്തിടെ പുറത്തിറങ്ങിയ സിനിമകള്‍ പലതും ബോക്‌സ് ഓഫീസില്‍ വന്‍ പരാജയങ്ങളായിരുന്നു. വിടാമുയര്‍ച്ചി, ഇന്ത്യന്‍ 2, വെട്ടയ്യന്‍, ലാല്‍ സലാം, ചന്ദ്രമുഖി 2 തുടങ്ങി സിനിമകളെല്ലാം ഫ്‌ളോപ്പ് ആയിരുന്നു.

അതേസമയം, മാര്‍ച്ച് 27ന് ആണ് എമ്പുരാന്‍ തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ റിലീസ് വൈകുമെന്ന വാര്‍ത്തകള്‍ ഇതിനിടെ പ്രചരിച്ചിരുന്നു. എന്നാല്‍ റിലീസ് വൈകില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജ് പുതിയൊരു പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് വ്യക്തമാക്കിയിരുന്നു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ ട്രെയ്ലര്‍ ഉടന്‍ റിലീസ് ചെയ്യും എന്നും വിവരങ്ങളുണ്ട്.

അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം പകര്‍ന്നാട്ടം കാണാന്‍ ആംകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മലയാളം ഇതുവരെ കാണാത്ത സ്‌കെയിലിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.

Read more